തിരുവനന്തപുരം: ആരോഗ്യ വകുപ്പ് അനീമിയ ചികിത്സാ പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അനീമിയ മുക്ത കേരളത്തിനായുള്ള വിവ കേരളം സംസ്ഥാനതല കാമ്പയിൻ ഈ മാസം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലാണ് പദ്ധതി ആരംഭിക്കുന്നത്. 15വയസിനും 59 വയസിനും ഇടയ്ക്കുള്ള വനിതകളുടെ വാർഡ് തിരിച്ചുള്ള കണക്ക് എടുക്കാനും മന്ത്രി നിർദേശം നൽകി.
അനീമിയ രോഗ നിർണയത്തിനുള്ള 12 ലക്ഷം കിറ്റുകൾ ലഭ്യമാണ്. ഇതിന് പുറമേ കൂടുതൽ കിറ്റുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള അനിമീയ കാമ്പയിനും നടത്തുന്നതാണ്. ഹെൽത്ത് ഫീൽഡ് വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, ട്രൈബൽ പ്രമോട്ടർമാർ എന്നിവർ ഏകോപിപ്പിച്ച് കാമ്പയിനിൽ പങ്കെടുക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിൽ ആയുഷ് മേഖലയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.