ന്യൂഡല്‍ഹി: വിമാനത്തില്‍ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി എയര്‍ ഇന്ത്യ. സംഭവദിവസം വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനും കാബിന് ക്രൂവിലെ നാല് അംഗങ്ങള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
സംഭവത്തില്‍ എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കും.
വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. കര്‍ണാടക സ്വദേശിയായ സ്ത്രീയാണ് പരാതിക്കാരി.
നവംബര്‍ 26നാണ് സംഭവം നടന്നത്. വിമാനത്തിലെ ദുരനുഭവം വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം നടന്നയുടനെ പരാതിപ്പെട്ടിട്ടും എയര്‍ഇന്ത്യ ക്യാബിന് ക്രൂ നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
പ്രതി ശങ്കര്‍ മിശ്രയെ ബംഗളൂരുവിലെ സഹോദരിയുടെ വീട്ടില്‍ നിന്ന് ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കന്‍ കമ്പനിയായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ഇയാള്‍. സംഭവം പുറത്തുവന്നതിന് പിന്നാലെ ഇയാളെ പുറത്താക്കിയിരുന്നു.