ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നായ സൗദിയുടെ ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ ‘പറപ്പിക്കാന്‍’ ഇനി വനിതകളും. 32 വനിതാ ലോക്കോ പൈലറ്റുമാരെയാണ് ഇതിനായി പരിശീലനം നല്‍കിയിരിക്കുന്നത്. തീര്‍ഥാടന നഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന 453 കിലോമീറ്റര്‍ റെയില്‍ ശൃംഖലയാണ് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വേ. പടിഞ്ഞാറന്‍ റെയില്‍വേ അഥവാ മക്ക-മദീന ഹൈ-സ്പീഡ് റെയില്‍വേ എന്നാണ് ഇതു അറിയപ്പെടുന്നത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ഇലക്ട്രിക് ട്രെയിനുകള്‍ ഈ റൂട്ടില്‍ പായുന്നത്. വനിതകള്‍ക്ക്
പ്രതിമാസം 4,000 റിയാല്‍ (79,314 രൂപ) അലവന്‍സും ജോലിയില്‍ പ്രവേശിച്ചാല്‍ 8000 റിയാലുമാണ് (1,58,628 രൂപ) ശമ്പളം.
14 മാസത്തെ പരിശീലനത്തിന് ശേഷം ഹറമൈന്‍ മെട്രോയിലെ വനിതാ ഡ്രൈവര്‍മാര്‍ എത്തുന്നത്. ആദ്യ ബാച്ചിന്റെ ബിരുദദാനം പൂര്‍ത്തിയായതായി സൗദി റെയില്‍വേ കമ്പനി മാധ്യമങ്ങളോട് വ്യക്തമാക്കി. പരിശീലനത്തിന്റെ ഭാഗമായി വനിതകള്‍ ഡ്രൈവിംഗ് ക്യാബിനുള്ളിലിരുന്ന് ട്രെയിന്‍ ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള പരിശീലന പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ ട്വിറ്റര്‍ അകൗണ്ടിലൂടെ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 32ലോകോ പൈലറ്റുമാര്‍ക്കും സൗദി ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റെയില്‍വേസ് ‘സെര്‍ബ്’ ആണ് പരിശീലനം നല്‍കിയത്.
ഏറ്റവും ഉയര്‍ന്ന സുരക്ഷയും കാര്യക്ഷമതയും കൈവരിക്കുന്നതിന് ആവശ്യമായ പരിശീലനമാണ് ഹറമൈന്‍ ട്രെയിന്‍ ക്യാപ്റ്റന്‍മാര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് പരിശീലകനും ട്രെയിന്‍ ക്യാപ്റ്റനുമായ മുഹന്നദ് ഷാക്കിര്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ആദ്യ വനിതാ ട്രെയിന്‍ ഡ്രൈവര്‍മാരാകാന്‍ അവസരം ലഭിച്ചതില്‍ തങ്ങള്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ വനിതാ ട്രെയിന്‍ ക്യാപ്റ്റന്‍മാരും വ്യക്തമാക്കി.