ലണ്ടൻ: ബ്രിട്ടീഷ് രാജസിംഹാസനത്തിന്റെ ഭാവി അവകാശിയും തന്റെ മൂത്ത സഹോദരനുമായ വില്യം രാജകുമാരൻ മർദിച്ചെന്ന വെളിപ്പെടുത്തലുമായി ഹാരി രാജകുമാരൻ. ഹാരിയുടെ ഭാര്യയും അമേരിക്കൻ ടിവി താരവുമായ മെഗൻ മാർക്കിളിന്റെ സ്വഭാവം സംബന്ധിച്ച പരാമർശങ്ങളാണ് ഡയാന പുത്രന്മാർക്കിടയിലെ തർക്കത്തിന് കാരണം.
മെഗൻ അഹങ്കാരിയും നിഷേധിയുമാണെന്ന ബ്രിട്ടീഷ് മാധ്യമങ്ങളുടെ ആരോപണം സഹോദരൻ വില്യം ആവർത്തിച്ചെന്നും ഇതാണ് കൈയാങ്കളിയിലേക്ക് നയിച്ചതെന്നും ഹാരി വെളിപ്പെടുത്തി. ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ വില്യം തന്റെ കഴുത്തിന് പിടിച്ച് വലിച്ച് നിലത്തേക്ക് അടിച്ചിട്ടെന്നും ഹാരി പറഞ്ഞു. വഴക്കിനിടെ തന്റെ മാല പൊട്ടിച്ചിതറിയെന്നും ഹാരി പറഞ്ഞു.
ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയായ “സ്പെയറി’ലാണ് ഹാരി ഈ ആരോപണം ഉന്നയിച്ചത്. മെഗനുമായുള്ള വിവാഹത്തോടെ രാജകുടുബവുമായുള്ള ബന്ധം ഉപേക്ഷിച്ച ഹാരി, ഭാര്യയ്ക്കൊപ്പം അമേരിക്കയിലാണ് താമസം.