തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിനെ ന്യായീകരിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മന്ത്രിയുടെ പ്രസ്താവന എൽഡിഎഫ് സർക്കാർ സാധാരണക്കാര്‍ക്ക് ഒപ്പമല്ല എന്നതിന്റെ തെളിവാണെന്ന് സതീശൻ പറഞ്ഞു.
പട്ടിണി കിടക്കുന്നവന് കളി കാണാന്‍ വരേണ്ടെന്നാണ് മന്ത്രി പറഞ്ഞത്. കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗം ഇങ്ങനെ പറഞ്ഞത് സിപിഎമ്മിന്റെ ജീര്‍ണതയെ ആണ് കാണിക്കുന്നത്. ഇവരെയൊക്കെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി നാടിന് തന്നെ അപമാനമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ജനുവരി 15-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരം നടക്കുന്നത്. അഞ്ചിൽ നിന്ന് 12 ശതമാനമായി വിനോദനികുതി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെയും കായികമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയും വ്യാപകവിമർശനമാണ് ഉയരുന്നത്.