ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ തന്റെ ടീ ഷർട്ട് മാത്രമാണ് മാദ്ധ്യമങ്ങൾ ചർച്ചയാക്കുന്നതെന്ന് രാഹുൽ ഗാന്ധി. അല്ലാതെ പാവപ്പെട്ട കർഷകർ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി തനിക്കൊപ്പം നടക്കുന്നത് അവർ കാണുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്തുകൊണ്ടാണ മാദ്ധ്യമങ്ങൾ ഇത് ചോദിക്കാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഭാരത ജോഡോ യാത്രയിലെ ഉത്തർപ്രദേശ് പര്യടനത്തിനിടെയാണ് രാഹുലിന്റെ പരാമർശം.
മാദ്ധ്യമ പ്രവർത്തകരെ ഞാൻ സുഹൃത്തുക്കൾ എന്ന് വിളിക്കുന്നു. എന്നാൽ അവർ അവരുടെ മുതലാളിമാരെ ഭയന്ന് യഥാർത്ഥ പ്രശനങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്. ഇതിലൂടെ അവരുടെ യഥാർത്ഥ കടമ അവർ മറക്കുന്നു. മാദ്ധ്യമങ്ങൾ ജനങ്ങളുടെ ശബ്ദമാക്കാത്തതിനെ തുടർന്ന് നോട്ട് നിരോധനം, ജിഎസ്ടി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ അവിടെ അവർ മൈക്ക് ഓഫ് ചെയ്യുന്നു’ രാഹുൽ പറഞ്ഞു.
ജനങ്ങളുടെ മനസിൽ നിന്നും ഭയം അകറ്റാനും, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ രൂക്ഷമായ വിഷയം ചർച്ച ചെയ്യാനുമാണ് ഭാരത് ജോഡോ യാത്ര നടത്തിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തണുപ്പ് നാശം വിതച്ച ഡൽഹിയിലേത് ഉൾപ്പെടെ ഒട്ടുമിക്ക പൊതു പരിപാടികൾക്കും ലളിതമായ പോളോ ടീ ഷർട്ട് ധരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാർത്തകളിൽ ഇടം നേടിയിരുന്നു.
സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി 30ന് ശ്രീനഗറിൽ ഗാന്ധി ദേശീയ പതാക ഉയർത്തുന്നതോടെ സമാപിക്കും. തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 ജില്ലകളിൽ 108 ദിവസങ്ങളിലായി മാർച്ച് നടന്നു.