ന്യൂഡെല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മുഖ്യ ഉപദേശക സ്ഥാനം രാജിവെച്ച് പ്രശാന്ത് കിഷോര്‍. 2022ല്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രശാന്ത് കിഷോറിന്റെ പടിയിറക്കം. പൊതുജീവിതത്തിലെ സജീവമായ സ്ഥാനത്ത് നിന്നും താല്‍ക്കാലികമായി പിന്‍വാങ്ങുന്നുവെന്നാണ് അമരീന്ദര്‍ സിംഗിനുള്ള കത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്. തന്റെ ഭാവി പരിപാടികളെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ഉപദേശകന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വത്തില്‍ നിന്നും തന്നെ മോചിപ്പിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജിക്കാര്യം പ്രശാന്ത് കിഷോര്‍ ദേശീയ മാധ്യമമായ എന്‍ ഡി ടി വിയോട് സ്ഥിരീകരിച്ചിട്ടുണ്ട്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ സാന്നിദ്ധ്യം ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പ് പറയുന്നുണ്ട്. അതേസമയം 2024 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സൂചനയും നല്‍കുന്നുണ്ട്. പ്രശാന്ത് കിഷോറിന്റെ രാജിയില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അതൃപ്തനാണ്. എതിരാളി നവ്‌ജ്യോത് സിംഗ് സിദ്ധു ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് പ്രശാന്ത് കിഷോര്‍ ആയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹത്തെ മുഖ്യ ഉപദേഷ്ടാവായി അമരീന്ദര്‍ സിംഗ് നിയമിച്ചത്. അന്ന് പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു പ്രശാന്ത് കിഷോര്‍.



