ദുബൈ: പേരോ നാടോ അറിയില്ല, നന്നായി മലയാളവും ഇംഗ്ലീഷും സംസാരിക്കും. ഓര്‍മശേഷി നഷ്​ടപ്പെട്ട, പരസ്​പര വിരുദ്ധമായ കാര്യങ്ങള്‍ സംസാരിക്കുന്ന യുവതി ബന്ധുക്കളെ തേടി അലയുന്നു. ബര്‍ദുബൈ ക്ഷേത്രത്തിനടുത്തെ ആല്‍ത്തറയിലാണ്​ ജീവിതം കഴിച്ചുകൂട്ടുന്നത്​. എമിറേറ്റ്​സ്​ ഐ.ഡിയോ പാസ്​പോര്‍​ട്ടോ വിസയോ എവിടെയാണെന്ന്​ അറിയില്ല. ചിലപ്പോള്‍ പറയും ആലപ്പുഴയാണ്​ വീടെന്ന്​. ഇടക്ക്​ പറയും തിരുവനന്തപുരത്താണെന്ന്​. യു.എ.ഇയിലെ നിയമങ്ങ​ളെ കുറിച്ച്‌​ നല്ല ഓര്‍മയുണ്ട്​.

1996 മുതല്‍ 2001 വരെ യു.എ.ഇയിലെ ഒരു സ്​ഥാപനം നടത്തിയിരുന്നതായി പറയുന്നുണ്ട്​. സാമൂഹിക പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനൊരു സ്​ഥാപനം ഉണ്ടായിരുന്നു എന്നാണ്​ അറിയാന്‍ കഴിഞ്ഞത്​. എന്നാല്‍, ഇത്​ 2001ല്‍ പൂട്ടിപോയി. ഭര്‍ത്താവി​െന്‍റ പേര്​ ബാലു എന്നാണ്​ പറയുന്നത്​. ഏകദേശം 40–45 വയസ്​ പ്രായം തോന്നിക്കും. ഇവരുടെ ബന്ധുക്കളോ പരിചയക്കാരോ ഉണ്ടെങ്കില്‍ നാട്ടിലേക്ക്​ കയറ്റി അയക്കാന്‍ സൗകര്യം ഏര്‍പെടുത്താമെന്നാണ്​ യു.എ.ഇ അധികൃതരും ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചിരിക്കുന്നത്​. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്ബറില്‍ ബന്ധപ്പെടണം: 0097155 5712550 (ഷിജു ബഷീര്‍).