പാറ്റ്ന: ബിഹാറിലെ ഭാബുവ ജില്ലയിൽ ബാങ്ക് സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം അക്രമിസംഘം എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയ വാൻ കൊള്ളയടിച്ചു. പുരാബ് പൊഖാറയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ സുരക്ഷാ ജീവനക്കാരനായ ഭാനുപ്രതാപ് ചൗബേ(30) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം നടന്നത്. എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയ വാഹനത്തിൽ നിന്ന് നോട്ടുകെട്ടുകൾ പുറത്തേക്ക് എടുക്കുന്ന വേളയിൽ മൂന്നംഗ അക്രമിസംഘം ബൈക്കിൽ കുതിച്ചെത്തുകയായിരുന്നു. പണപ്പെട്ടി ആവശ്യപ്പെട്ട് തോക്ക് ചൂണ്ടിയ സംഘത്തെ തടയാൻ ചൗബേ ശ്രമിച്ചപ്പോൾ ഇയാളുടെ കണ്ണിലേക്ക് മുളകുപൊടി വിതറിയശേഷം നെഞ്ചിൽ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
സംഭവം കണ്ട് ഭയന്ന മറ്റൊരു സുരക്ഷാ ജീവനക്കാരൻ തോക്ക് ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഇതോടെ അക്രമിസംഘം വാനിൽ നിന്ന് 14 ലക്ഷം രൂപയും സുരക്ഷാജീവനക്കാർ ഉപേക്ഷിച്ച രണ്ട് തോക്കുകളുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
അക്രമികൾ കടന്നശേഷം പ്രദേശവാസികൾ ചേർന്ന് ചൗബേയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വാൻ ഡ്രൈവർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ജനം ഇയാളെ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അക്രമിസംഘം കൈക്കലാക്കിയ തോക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. സ്ഥലത്ത് നിന്ന് ഓടിപ്പോയ സുരക്ഷാജീവനക്കാരനെ കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി.