വത്തിക്കാന്‍ സിറ്റി: കാലം ചെയ്ത പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമന് വിട ചൊല്ലി ലോകം. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന അന്ത്യകര്‍മ ശുശ്രൂഷകള്‍ക്ക് ശേഷം മാർപാപ്പയുടെ മൃതദേഹം ബസിലിക്കയുടെ നിലവറയിലടക്കി. അന്ത്യകര്‍മ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മുഖ്യകാര്‍മികത്വം വഹിച്ചത്.

ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ ആദ്യം അടക്കം ചെയ്തിരുന്ന കല്ലറതന്നെയാണ് ബനഡിക്ട് പാപ്പായ്ക്കും ഒരുക്കിയിരിക്കുന്നത്. തന്‍റെ മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമനെ അടക്കം ചെയ്ത കല്ലറയിൽ തനിക്കും അന്ത്യവിശ്രമ സ്ഥാനം ഒരുക്കണമെന്ന ബനഡിക്ട് പാപ്പായുടെ അന്ത്യാഭിലാഷം പരിഗണിച്ചാണ് ഈ നടപടി.

ആധുനിക കാലഘട്ടത്തില്‍ ഇതാദ്യമായാണ് ഒരു എമരിറ്റസ് മാര്‍പാപ്പയുടെ മൃതസംസ്കാരം നടക്കുന്നത്. സംസ്കാര ശുശ്രൂഷകൾ ലളിതമായിരിക്കണമെന്ന് ബനഡിക്ട് പാപ്പ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ലക്ഷക്കണക്കിന് ആളുകളാണ് മാര്‍പാപ്പയ്ക്ക് ആദരമര്‍പ്പിക്കാൻ ഇന്ന് എത്തിയത്. ചടങ്ങിന് സാക്ഷിയായി വിവിധ ലോകനേതാക്കളും എത്തിയിരുന്നു. ആയിരത്തിലധികം ഇറ്റാലിയൻ സുരക്ഷാ സേനയെയാണ് ചടങ്ങിലെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. ഇറ്റലിയുടെ പതാക ഇന്ന് പകുതി താഴ്ത്തിക്കെട്ടി.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദിനാള്‍മാരായ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഫിലിപ്പ് നേരി ഫെറാവോ, ആന്‍റണി പൂല, സിബിസിഐ പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാവേലിക്കര ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ സംസ്കാര ശുശ്രൂഷയില്‍ സംബന്ധിച്ചു.