തിരുവനന്തപുരം: കെപിസിസി ട്രഷറർ ആയിരുന്ന അഡ്വക്കേറ്റ് വി. പ്രതാപചന്ദ്രന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതി പിൻവലിച്ചു. കോൺഗ്രസ് നേതാക്കൾ നടത്തിയ വ്യാജ പരാമർശങ്ങളാണ് പ്രതാപചന്ദ്രന്റെ പെട്ടെന്നുണ്ടായ മരണത്തിന് കാരണമെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ മക്കൾ ഡിജിപിക്ക് നൽകിയ പരാതിയാണ് പിൻവലിച്ചത്.
കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പരാതി പിൻവലിച്ചതെന്നും പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പോലീസിനെ അറിയിച്ചതായും പ്രതാപചന്ദ്രന്റെ മകൻ പ്രജിത്ത് അറിയിച്ചു.
കോൺഗ്രസ് നേതാക്കൾ, അച്ഛന് നേരെ മാനഹാനി സൃഷ്ടിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പ്രതാപചന്ദ്രന്റെ മക്കൾ പരാതി നൽകിയത് . കോഴിക്കോട് ജില്ലയിലെ പാർട്ടി പ്രവർത്തകരായ രമേശ്, പ്രമോദ് എന്നിവരാണ് വ്യാജ പ്രചരണം നടത്തിയതെന്നും ഇവർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
2022 ഡിസംബർ 20-നാണ് മുൻ മാധ്യമപ്രവർത്തകൻ കൂടിയായ പ്രതാപചന്ദ്രൻ അന്തരിച്ചത്.