രാജ്യത്ത് സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി തെക്കൻ പുനോ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ച് പെറു. തടവിലാക്കപ്പെട്ട മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെറുവിൽ പ്രതിഷേധങ്ങൾ ഉടലെടുക്കുന്നത്. തുടർന്ന് നടന്ന പ്രതിഷേധ റാലിയിൽ പോലീസ് വെടിവെപ്പിൽ കൗമാരക്കാർ അടക്കം 17 പേർ കൊല്ലപ്പെട്ടിരുന്നു. നെറ്റിയിലും തലയിലും വെടിയേറ്റാണ് ഇവരുടെ മരണം. നൂറോളം പേർ ചികിത്സയിലാണ്. 

പ്രശ്‌ന ബാധിത മേഖലയായ പുനോയിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തി. രാത്രി 8 മണി മുതൽ പുലർച്ചെ നാല് മണിവരെയാണ് കർഫ്യൂ. ഇത് മൂന്ന് ദിവസം തുടരുമെന്ന് പ്രധാനമന്ത്രി ആർബർട്ടോ ഒട്ടറോള അറിയിച്ചു. നേരത്തെയുള്ള തിരഞ്ഞെടുപ്പ്, ജയിലിൽ കഴിയുന്ന മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയുടെ മോചനം എന്നിവ ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ ഇതുവരെയുള്ള ഏറ്റവും മാരകമായ ദിവസങ്ങളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. 

തെക്കൻ പെറുവിലെ പുനോ മേഖലയിലെ ടിറ്റിക്കാക്ക തടാകത്തിന്റെ തീരത്തിനടുത്തുള്ള ജൂലിയാക്ക എന്ന നഗരത്തിലാണ് ഏറ്റുമുട്ടലുണ്ടായത്, 68 പേർക്ക് പരിക്കേറ്റു. നിയമവിരുദ്ധമായി കോൺഗ്രസ് പിരിച്ചുവിടാൻ ശ്രമിച്ചതിന് തൊട്ടുപിന്നാലെ കാസ്റ്റിലോയെ നീക്കം ചെയ്യുകയും അറസ്റ്റുചെയ്യുകയും ചെയ്തതിനെത്തുടർന്നാണ് പ്രതിഷേധം. ഡിസംബർ ആദ്യവാരം മുതലാണ് പെറുവിൽ ജനകീയ പ്രതിഷേധം ആരംഭിച്ചത്.

സുരക്ഷാ സേനയുമായുള്ള സർക്കാർ വിരുദ്ധ ഏറ്റുമുട്ടലുകളിൽ നിന്നുള്ള മരണസംഖ്യ 39 ആയി ഉയർന്നു. കഴിഞ്ഞ ഡിസംബർ ആദ്യവാരമാണ് ഇടതുപക്ഷ ഫ്രീ പെറു പാർടി നേതാവ് പെഡ്രോ കാസ്റ്റിലോയെ പ്രസിഡന്റുസ്ഥാനത്തുനിന്ന് ഇംപീച്ച് ചെയ്തത്. അധികാരമേറ്റതുമുതൽ വലതുപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അട്ടിമറിശ്രമങ്ങൾക്ക് ഒടുവിലായിരുന്നു ഇംപീച്ച്മെന്റ്. തുടർന്ന് വൈസ് പ്രസിഡന്റ് ദിന ബൊലുവാർട്ട് പ്രസിഡന്റായി അധികാരമേറ്റു.