ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ നിരവധി വെളിപ്പെടുത്തലുകളുമായി ഹാരി രാജകുമാരന്റെ ആത്മകഥ. സഹോദരനും കിരീടാവകാശിയുമായ വില്യം രാജകുമാരൻ ഉൾപ്പെടെ നിരവധി പേരെയാണ് ഹാരി രാജകുമാരൻ പ്രതിക്കൂട്ടിൽ നിർത്തുന്നത്. കുട്ടിക്കാലം മുതൽ കൊട്ടാരത്തിൽ അനുഭവിച്ച വേർതിരിവിനെ കുറിച്ചും ഹാരി ആത്മകഥയിൽ തുറന്നു പറയുന്നുണ്ട്. 1995ൽ ഹാരിയുടെ മാതാവ് ഡയാന രാജകുമാരി ബി.ബി.സിക്കു നൽകിയ വിവാദ അഭിമുഖത്തിന് സമാനമാണ് ഹാരിയുടെ ആത്മകഥയായ സ്‍പെയർ എന്നാണ് നിരൂപകർ അവകാശപ്പെടുന്നത്.

ഡയാന രാജകുമാരിയുടെയും ചാൾസ് മൂന്നാമൻ രാജാവിന്റെയും മക്കളാണ് വില്യമും ഹാരിയും. എന്നാൽ വില്യമിനെയും തന്നെയും രാജകുടുംബം രണ്ടു രീതിയിലാണ് കണ്ടിരുന്നതെന്നും ഹാരി വെളിപ്പെടുത്തുന്നു. കാമിലയുമായുള്ള ചാൾസിന്റെ വിവാഹത്തെ താനും വില്യമും എതിർത്ത കാര്യവും പുസ്തകത്തിലുണ്ട്. പിന്നീട് പിതാവിന്റെ സന്തോഷം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. അമ്മയുടെ സ്ഥാനം മറ്റൊരാൾക്ക് നൽകുന്നതായിരുന്നു പ്രധാന പ്രശ്നം.

കൊട്ടാരത്തിലെ അംഗരക്ഷകനായ മേജര്‍ ജെയിംസ് ഹെവിറ്റുമായി അമ്മ ഡയാന രാജകുമാരിക്ക് ഉണ്ടായിരുന്ന ബന്ധവും ഇരുവരുടെയും മകനാണ് ഹാരിയെന്നു പിതാവ് ചാള്‍സ് തമാശ പറയുമായിരുന്നെന്നു ഹാരി ആത്മകഥയില്‍ പറയുന്നു. ”ഞാന്‍ തന്നെയാണോ യഥാര്‍ഥ വെയ്ല്‍സ് രാജകുമാരന്‍? ഞാന്‍ തന്നെയാണോ നിന്റെ യഥാര്‍ഥ പിതാവ്? ആര്‍ക്കറിയാം. അദ്ദേഹം ചിരിച്ചുകൊണ്ട് പറയും.” -എന്നാണ് ഹാരി പറയുന്നത്.

ഹാരി-മേഗന്‍ വിവാഹം ഹാരി മേഗന്‍ വിവാഹ വേദിയെ ചൊല്ലിയും കൊട്ടാരത്തില്‍ തര്‍ക്കം ഉണ്ടായിരുന്നു. മേഗനുമായുള്ള വിവാഹം വെസ്റ്റ് മിനിസ്റ്റര്‍ അബ്ബെയിലെ സെന്റ് പോള്‍ കത്തിഡ്രലില്‍ നടത്തണമെന്ന ഹാരിയുടെ ആവശ്യം വില്യം എതിര്‍ത്തിരുന്നു. ഡയാന-ചാൾസ്, വില്യം-കെയ്റ്റ് ദമ്പതികൾ വിവാഹം കഴിച്ചത് ഇവിടെ വെച്ചായിരുന്നു. ഇംഗ്ലണ്ടിലെ ചാൾസ് വസതിക്ക് സമീപത്തെ ഒരു ഗ്രാമത്തിലെ ചാപ്പലിൽ വെച്ച് വിവാഹം നടത്താനായിരുന്നു വില്യമിന്റെ നിർദേശം.

2018 മെയ് വിന്‍സ്റ്റര്‍ കാസ്റ്റലില്‍ സെന്റ് ജോര്‍ജ് ചാപ്പലില്‍ വെച്ചാണ് ഹാരിയും മേഗനും വിവാഹിതരായത്. മേഗനെ ഹാരി വിവാഹം കഴിക്കുന്നതിലും വില്യമി​ന് എതിർപ്പുണ്ടായിരുന്നു. മുമ്പ് കഞ്ചാവ് ഉപയോഗിച്ചിരുന്ന കാര്യവും ഹാരി പുസ്തകത്തിൽ തുറന്നു പറയുന്നുണ്ട്.