തിരുവനന്തപുരം: എന്‍എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘നായര്‍ ബ്രാന്‍ഡ്’ ആയി തന്നെ ആരും പ്രൊജക്ട് ചെയ്തിട്ടില്ല. പാര്‍ട്ടിയും താനും എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് മതേതര നിലപാടാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തി കാട്ടിയിരുന്നില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചെന്നിത്തലയെ ഉയര്‍ത്തിക്കാണിച്ചത് കൊണ്ടാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫ് തോറ്റതെന്ന സുകുമാരന്‍ നായരുടെ വിമര്‍ശനത്തിനായിരുന്നു മറുപടി.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ ചെന്നിത്തലയെ ആഭ്യന്തര വകുപ്പെന്ന താക്കോല്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത് എന്‍എസ്എസ് ആവശ്യപ്രകാരമായിരുന്നുവെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. എന്നാല്‍ ചെന്നിത്തല പിന്നീട് സമുദായത്തെ തള്ളിപ്പറഞ്ഞെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും സുകുമാരന്‍ നായര്‍ പേരെടുത്ത് വിമര്‍ശിച്ചിരുന്നു.
ഇതിനിടെ എന്‍എസ്എസ് രജിസ്ട്രാര്‍ പി.എന്‍. സുരേഷ് രാജിവച്ചു. ശശി തരൂര്‍ എംപിയുടെ പെരുന്ന സന്ദര്‍ശനത്തിന് പിന്നാലെയാണ് രാജി. തരൂരിന്റെ സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിച്ചത് സുരേഷാണെന്ന രീതിയില്‍ പ്രചാരണം ഉയര്‍ന്നിരുന്നു. കൂടാതെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കും ശശി തരൂരിനും ഒപ്പമുള്ള സുരേഷിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ സുകുമാരന്‍ നായരുടെ പിന്‍ഗാമിയായി സുരേഷിനെ മുന്നോട്ട് ഉയര്‍ത്തുന്നുവെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സുകുമാരന്‍ നായര്‍ രാജി ചോദിച്ചുവാങ്ങിയെന്നാണ് വിവരം. വിമര്‍ശനങ്ങളെ നേരിടാന്‍ സുകുമാരന്‍ നായര്‍ തന്നെ രാജിയാവശ്യപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ രജിസ്ട്രാറുടെ ചുമതല കൂടി ജനറല്‍ സെക്രട്ടറി തന്നെ വഹിക്കും.
മന്നം ജയന്തി ഉദ്ഘാടനത്തിനെത്തിയ ശശി തരൂറിനെ പുകഴ്ത്തി എന്‍എസ്എസ് (NSS) ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു . ശശി തരൂര്‍ ഡല്‍ഹി നായരല്ല, കേരള പുത്രനെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. തരൂര്‍ വിശ്വപൗരനാണ്. കേരള പുത്രനാണ്. മുമ്പ് ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ തരൂരിനെ ഡല്‍ഹി നായരെന്ന് താന്‍ വിമര്‍ശിച്ചിരുന്നു. ആ തെറ്റ് തിരുത്താന്‍ കൂടിയാണ് മന്നം ജയന്തി ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തിയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ശശി തരൂരിനേക്കാളും യോഗ്യനായ മറ്റൊരാളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ആദ്യമാണെന്നും ഏറെ സന്തോഷമുണ്ടെന്നും തരൂര്‍ പറഞ്ഞു. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ടെന്ന് ശശി തരൂര്‍. അദ്ദേഹം അത് പറഞ്ഞത് 80 വര്‍ഷം മുന്‍പാണ്. എന്നാല്‍ ഇപ്പോഴും രാഷ്ട്രീയത്തില്‍ അത് ഞാന്‍ അനുഭവിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണമില്ലാത്ത ചടങ്ങിലെ തരൂരിന്റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്നു.