ചെന്നൈ: അജിത്ത് സിനിമ തുനിവിന്റെ റിലീസ് ആഘോഷത്തിനിടെ യുവാവിന് ദാരുണാന്ത്യം. ചെന്നൈയില്‍ ലോറിക്ക് മുകളില്‍ കയറി ഡാന്‍സ് കളിക്കുന്നതിനിടയിൽ താഴേക്ക് വീണാണ് യുവാവ് മരിച്ചത്.
ചെന്നൈ കോയമ്പേട് സ്വദേശി ഭാരത് കുമാറാണ് മരിച്ചത്. രോഹിണി തീയറ്ററിന് സമീപമാണ് അപകടം നടന്നത്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആരാധകര്‍ റിലീസ് ആഘോഷമാക്കുകയായിരുന്നു. അതിനിടെയാണ് അതുവഴിവന്ന ടാങ്കര്‍ ലോറി തടഞ്ഞു നിര്‍ത്തി ഭാരത് കുമാര്‍ അതിനു മുകളില്‍ കയറിയത്.
നൃത്തം ചെയ്യുന്നതിനിടെ കാല്‍വഴുതി താഴെ വീഴുകയായിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ ഭാരതിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
അതേസമയം താരങ്ങളുടെ ആരാധകർ തമ്മിൽ മറ്റൊരു തിയറ്ററിന് മുന്നിൽ ഏറ്റുമുട്ടലും ഉണ്ടായി. ഇന്ന് റിലീസായ അജിത്തിന്റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകർ തമ്മിലാണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ഇരുചിത്രങ്ങളുടെയും ഫ്ലെക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു.