ന്യൂഡല്‍ഹി: മേയര്‍ തെരഞ്ഞെടുപ്പിലെ സംഘര്‍ഷത്തിന് പിന്നാലെ ഡല്‍ഹി ലഫ്.ഗവര്‍ണറുടെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായി ആംആദ്മി പ്രവര്‍ത്തകര്‍. ലഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സീന മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് എഎപി ആരോപിച്ചു
ഗവര്‍ണര്‍ അനാവശ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണം, സ്വതന്ത്രമായി ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ എഎപിയെ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
നാമനിര്‍ദേശം ചെയ്യപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിലടക്കം എഎപിക്ക് കടുത്ത അതൃപ്തിയുണ്ട്. കോര്‍പറേഷനിലേക്ക് ഗവര്‍ണര്‍ പത്ത് അംഗങ്ങളെ നാമം നിര്‍ദേശം ചെയ്യുമ്പോള്‍ ഡല്‍ഹി സര്‍ക്കാരിന്റെ അഭിപ്രായം തേടണമെന്നും എഎപി ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് എഎപി അറിയിച്ചു.
വെള്ളിയാഴ്ച ഡല്‍ഹി കോർപറേഷനിലെ മേയര്‍ തെരഞ്ഞടുപ്പിനിടെ എഎപി-ബിജെപി അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് മുമ്പ് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രിസൈഡിംഗ് ഓഫീസര്‍ അവസരം നല്‍കിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രിസൈഡിംഗ് ഓഫീസറായി ബിജെപി കൗണ്‍സിലറായ സത്യശര്മയെയാണ് ലഫ്.ഗവര്‍ണര്‍ നിയമിച്ചിരുന്നത്.
എഎപി അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ ബിജെപി കൗണ്‍സിലര്‍മാരും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയത്.