സിനിമയെക്കാളും അഭിമുഖങ്ങളായിരുന്നു ധ്യാൻ ശ്രീനിവാസനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. 2022 ൽ ഏറ്റവും കൂടുതൽ ചർച്ചയായ താരങ്ങളുടെ കൂട്ടത്തിൽ മുന്നിൽ തന്നെ ധ്യാനും ഉണ്ടായിരുന്നു. എന്തും തുറന്നു പറയുന്ന നടന്റെ പ്രകൃതമാണ് ആരാധകരുടെ മനസിൽ ഇടംനേടിയത്. 

അച്ഛൻ ശ്രീനിവാസനും സഹോദരൻ വിനീതും അമ്മയുമാണ് ധ്യാനിന്റെ അഭിമുഖത്തിലെ സ്ഥിരം വിഷയങ്ങൾ. ഇപ്പോഴിതാ ആരാധകർക്കിടയിൽ ഇടംപിടിക്കുന്നത് സഹോദരൻ വിനീതിനെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ്. ജീവിതത്തിൽ ഒരിക്കൽ പോലും നുണ പറയാത്ത വ്യക്തിയാണ് തന്റെ ചേട്ടനൊന്നും ഒരു വീട്ടിലും ഇങ്ങനെയൊരു ആൾ ഉണ്ടാവരുതെന്നും ധ്യാൻ അടുത്തിടെ ഒരു ടെലിവിഷൻ ചാനലിൽ അതിഥിയായി എത്തിയപ്പോൾ പറഞ്ഞു.

ഒരു വീട്ടിലും ഇങ്ങനെയൊരു മനുഷ്യനുണ്ടാവാൻ പാടില്ല. സുഹൃത്തുക്കൾ പറയുന്നത്, ഗാന്ധിജി ജനിച്ചത് ഒക്ടോബർ 2 നാണ്. ഗന്ധിജി ജനിച്ചതിനും ഒരു ദിവസം മുൻപാണ് പുള്ളി ജനിച്ചത്. ഗാന്ധിജി പോലും ജീവിതത്തിൽ നുണകൾ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ എന്റെ ചേട്ടൻ കള്ളം പറഞ്ഞതായോ ഒരാളെ ചീത്ത പറഞ്ഞതായിട്ടോ എന്റെ അറിവിൽ ഇല്ല. ഇനി ആരെയെങ്കിലും ചീത്ത പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്നെ മാത്രമാണ്. അന്നും ഇന്നും ഒരു മകനെ പോലെയാണ് എന്നെ കാണുന്നത്- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.