പാറ്റ്ന: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ(ഐഒസി) ഗോഹട്ടി – ബറൗണി എണ്ണ പൈപ്പ്ലൈൻ തകർത്ത് സാമൂഹ്യവിരുദ്ധർ. ബിഹാറിലെ ഖഗാരിയ ജില്ലയിലെ ബാകിയ ഗ്രാമത്തിലൂടെ കടന്ന്പോകുന്ന പൈപ്പ്ലൈനാണ് മുറിച്ച്മാറ്റിയ നിലയിൽ കണ്ടെത്തിയത്.
പൈപ്പ് മുറിച്ചതോടെ ആയിരക്കണക്കിന് ലിറ്റർ ക്രൂഡ് ഓയിൽ പ്രദേശമാകെ പരന്നൊഴുകി. പൈപ്പിൽ നിന്ന് എണ്ണ ശേഖരിക്കാൻ നിരവധി പേരാണ് സ്ഥലത്ത് എത്തിച്ചർന്നത്. പോലീസ് എത്തി ഇവരെ സ്ഥലത്ത് നിന്ന് നീക്കം ചെയ്ത ശേഷം പ്രദേശം സുരക്ഷിതമാക്കി.
ഐഒസി അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കന്പനിയുടെ പശ്ചിമ ബംഗാൾ ഓഫീസിൽ നിന്നുള്ള പൈപ്പ്ലൈൻ മെയിന്റനെൻസ് ടീം എത്തിയാൽ മാത്രമാണ് അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ സാധിക്കുകയെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അട്ടിമറി നീക്കം തള്ളിക്കളയാൻ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു.