ന്യൂഡൽഹി: അതിശൈത്യത്തിൽ നിന്ന് രക്ഷ നേടാൻ തന്റെ പക്കൽ കന്പിളിക്കുപ്പായങ്ങളില്ലെന്നും ഇത് വാങ്ങാൻ ക്രെഡിറ്റ് കാർഡുകൾ തിരികെ നൽകണമെന്നും അഭ്യർഥിച്ച് ശ്രദ്ധ വാൾക്കർ കൊലക്കേസ് പ്രതി അഫ്താബ് പൂനാവാല. കാമുകിയായ ശ്രദ്ധയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പ്രതി നിലവിൽ തിഹാർ ജയിലിലാണ്.
തണുപ്പിനെ പ്രതിരോധിക്കാൻ അനുയോജ്യമായ വസ്ത്രങ്ങൾ ജയിലിൽ ലഭ്യമല്ലെന്നും ഇവ വാങ്ങാൻ പോലീസ് പിടിച്ചുവച്ചിരിക്കുന്ന ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകൾ നൽകണമെന്നുമാണ് അഫ്താബ് മജിസ്ട്രേറ്റ് കോടതിയിൽ ആവശ്യപ്പെട്ടത്.
നവംബർ ഒന്പതിന് അറസ്റ്റിലായ അഫ്താബിന്റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടിനൽകിയ തീരുമാനം കോടതി പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹത്തിന്റെ അഭിഭാഷൻ ഈ ആവശ്യം അറിയിച്ചത്. അഫ്താബിന്റെ അപേക്ഷയിൽ കോടതി തീരുമാനം എടുത്തിട്ടില്ല.
2022 മെയ് മാസത്തിലാണ് ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയത്. തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശരീരഭാഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. മകളെ മാസങ്ങളായി കാണാനില്ലെന്ന ശ്രദ്ധയുടെ പിതാവിന്റെ പരാതി അന്വേഷിച്ചെത്തിയ പോലീസാണ് അഫ്താബിന്റെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.