ന്യൂഡല്‍ഹി: കോവിഡുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളില്‍ വ്യാപകമായ ക്രമക്കേടെന്ന് ആക്ഷേപം. രോഗബാധിതകരുടെ എണ്ണത്തില്‍ മാത്രമല്ല മരണ സംഖ്യയിലും ആശുപത്രികള്‍ നല്‍കുന്ന കണക്കുകളും സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നതും തമ്മില്‍ അന്തരമുണ്ട്. മെയ് 10 വരെയുള്ള ഡല്‍ഹിയിലെ ഔദ്യോഗിക മരണ നിരക്ക് 73ല്‍ നില്‍ക്കുമ്ബോള്‍ ഇതുവരെ 100ഓളം പേര്‍ സര്‍ക്കാര്‍ കണക്കിലുള്‍പ്പെടാതെ മരണമടഞ്ഞതായാണ് ആശുപത്രികള്‍ നല്‍കുന്ന വിവരം.

മെയ് 2ന് സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ കണക്കനുസരിച്ച്‌ 64 പേരാണ് കോവിഡ് മൂലം തലസ്ഥാന നഗരിയില്‍ മരണമടഞ്ഞത്. മെയ് 5ന് ഒരു പൊലിസ് കോണ്‍സ്റ്റബിള്‍ കൂടി കോവിഡിന് കീഴടങ്ങിയതായി വാര്‍ത്തകള്‍ പുറത്തുവന്നു. മെയ് 8 വരെ സര്‍ക്കാരിന്‍റെ വെബ്‌സൈറ്റില്‍ മരണ സംഖ്യ 65 മാത്രമായിരുന്നു. എന്നാല്‍ എല്‍.എന്‍.ജെ.പി ആശുപത്രിയിലും രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലുമായി ഈ ദിവസങ്ങള്‍ 20 പേര്‍ കൂടി മരിച്ചതായാണ് കണക്ക്.

മെയ് 4, 5 തീയതികളില്‍ 6 പേര്‍ വീതവും മെയ് 6ന് 5 പേരും ഉള്‍പ്പടെ മൊത്തം 47 പേര്‍ എല്‍.എന്‍.ജെ.പിയില്‍ കോവിഡ് മൂലം മരിച്ചു. രോഗബാധ ആരംഭിച്ചതിനു ശേഷം കോവിഡ് സ്‌പെഷ്യല്‍ ആശുപത്രിയായി മാറിയ എല്‍.എന്‍.ജെ.പി ഹോസ്പിറ്റലിന്‍റെ മെഡിസിന്‍ വാര്‍ഡിലാണ് ഈ മരണങ്ങളധികവും സംഭവിച്ചത്. ആള്‍ ഇന്ത്യാ ഇന്‍സ്ടിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 14 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രാം മനോഹര്‍ ലോഹ്യയില്‍ 52 മരണവും സഫ്ദര്‍ജംഗില്‍ 30 മരണവും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ഇതില്‍ എയിംസ്, ആര്‍.എം.എല്‍, എല്‍.എന്‍.ജെ.പി എന്നീ ആശുപത്രികളിലെ കണക്ക് മാത്രം 112 എത്തിയിട്ടുണ്ട്. ലേഡി ഹാര്‍ഡിംഗ്, ഗുരു തേഗ് ബഹാദൂര്‍, മാക്‌സ് പോലുള്ള ചെറിയ ആശുപത്രികളിലെ മരണ നിരക്ക് കൂടി കണക്കിലെടുക്കുമ്ബോള്‍ ഡല്‍ഹിയിലെ മരണ സംഖ്യ 170 എങ്കിലും ആയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ആശുപത്രികള്‍ സര്‍ക്കാരിന് കൈമാറുന്ന കണക്കുകളില്‍ കൃത്രിമം കാണിച്ചാണ് ഡല്‍ഹി സര്‍ക്കാര്‍ പിടിച്ചു നില്‍ക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഇതെകുറിച്ച്‌ പ്രതികരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.