തിരുവല്ല: കോവിഡ് കത്തിപ്പടരുന്ന കാലത്ത് ആത്മീയസൗഖ്യത്തിന്റെ നാദമായി മാറിയ സങ്കീര്‍ത്തനത്തിലെ 91-ാം വാക്യം ഇപ്പോള്‍ ഗാനരൂപത്തില്‍. ഇതിന്റെ ഗാനാവിഷ്‌ക്കാരം ഇപ്പോള്‍ വൈറലായി കഴിഞ്ഞു. മലങ്കര കത്തോലിക്കാ സഭയിലെ 4 ശ്രേഷ്ഠാചാര്യന്മാരും, 21 വൈദികരും ചേർന്ന് 91-ാം സങ്കീർത്തനം ഗാനമായി യൂട്യൂബിൽ അപ് ലോഡ് ചെയ്ത് 16 മണിക്കൂറിനുള്ളിൽ പതിനായിരം പേർ കാണുകയും നിരവധി പേർ ഡൗൺലോഡ് ചെയ്ത് ഷെയർ ചെയ്തു. സെമിനാരികളിലും, ആശ്രമങ്ങളിലും,അരമനകളിലും, മഠങ്ങളിലും സന്ധ്യാ പ്രാർത്ഥനയിൽ ആലപിക്കുന്ന സങ്കീർത്തനമാണ് മെത്രാപ്പോലീത്താമാരും, വൈദികരും ചേർന്നാലിച്ചിരിക്കുന്നത്.

അമേരിക്ക, യു.കെ, ഖത്തർ, ഒമാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലുള്ളവരും ഒറീസാ, പൂനെ, തമിഴ്നാട് തുടങ്ങി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും, കേരളത്തിൻ്റെ തെക്ക് മുതൽ വടക്ക് വരെയുള്ള ജില്ലകളിൽ പെട്ടവരുമായ സഭാദ്ധ്യക്ഷന്മാരും വൈദികരുമാണ് കോവിഡ് കാലത്ത് പ്രാർത്ഥനാ ഗാനവുമായി ഒരുമിച്ചത്. ക്രൈസ്തവർ ഇക്കാലയളവിൽ [കോവിഡ് ] ഏറ്റം കൂടുതൽ പ്രാവശ്യം ചൊല്ലിയ, ചൊല്ലിക്കൊണ്ടിരിക്കുന്ന സംരക്ഷണത്തിൻ്റെ സങ്കീർത്തനമാണ് ഗാനാലാപനത്തിനായി തിരഞ്ഞെടുത്തത്.

ഇംഗ്ലീഷ്, സുറിയാനി, ഹിന്ദി, തമിഴ്, ഒഡിയ, മലയാളം എന്നീ 6 ഭാഷകളിലാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലിരുന്ന് സങ്കീർത്തനമാലപിച്ചിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷൻ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് ഗാനത്തിന് ആമുഖം നൽകിയിരിക്കുന്നത്.

തിരുവല്ല അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ തോമസ് മാർ കൂറിലോസ്, മാർത്താണ്ഡം രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ വിൻസൻറ് മാർ പൗലോസ്, യു എസ് എ, ക്യാനഡ രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ ഫിലിപ്പോസ് മാർ സ്തേഫാനോസ്, മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ യൂഹാനോൻ മാർ തിയഡോഷ്യസ് എന്നി പിതാക്കന്മാർ മറ്റ് 21 വൈദീകരോട് ചേർന്നാണ് സങ്കീർത്തനം ആലപിച്ചിരിക്കുന്നത്. എഡിറ്റിംഗ്, മിക്സിംഗ് ജോലികൾ ചെയ്തിരിക്കുന്നത് ഫാ.ഫിലിപ്പ് തായില്ലം.
ഫാ.സന്തോഷ് അഴകത്ത്, ഫാ.ഫിലിപ്പ് തായില്ലം കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.Malankara Hymns എന്ന You Tube ചാനലിൽ കൂടിയാണ് സംപ്രഷണം ചെയ്തിരിക്കുന്നത്.