കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി ആരോഗ്യ മന്ത്രാലയം. പാക്കേജിന്റെ 15 ശതമാനമായ 1,827.8 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. 12,185 കോടി രൂപയുടേതാണ് പാക്കേജ്.
ഇതില്‍ 26.8 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. കൂടുതല്‍ തുക നല്‍കിയിരിക്കുന്നത് ഉത്തര്‍പ്രദേശിനാണ്. 281.98 കോടി രൂപയാണ് ഉത്തര്‍പ്രദേശിന് അനുവദിച്ചത്. ബിഹാറിന് 154 കോടിയും രാജസ്ഥാന് 132 കോടിയും മധ്യപ്രദേശിന് 131 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
അതിനിടെ, കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനുള്ള കേന്ദ്ര സംഘം ആലപ്പുഴയിലെത്തി പരിശോധന നടത്തി. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആലപ്പുഴയിലെത്തിയത്.
കളക്ടേറ്റിലെത്തിയ സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. രാജ്യത്തെ പുതിയ കോവിഡ് കേസുകളില്‍ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതി വിലയിരുത്തും. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 ത്തിന് മുകളില്‍ തന്നെയായി തുടരുകയാണ്. 24 മണിക്കൂറിനിടെ 41, 649 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 593 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.
കോവിഡ് പാക്കേജിലെ ആദ്യഗഡു സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളത്തിന് 26.8 കോടി



