വാഷിംഗ്ടണ്‍: അമേരിക്ക അഫ്ഗാനിലെ തങ്ങളുടെ വിശ്വസ്തര്‍ക്കു നല്‍കിയ വാക്കു പാലിക്കുന്നു. താലിബാന്‍ കൊന്നൊടുക്കുമെന്ന് ഭീഷണിയുള്ള അഫ്ഗാന്‍ പൗരന്‍മാരെയാണ് അമേരിക്ക സ്വന്തം നാട്ടിലേക്ക് സൈനികര്‍ക്കൊപ്പം കൂടെകൂട്ടുന്നത്. അഫ്ഗാന്‍ പൗരന്മാരിലെ ആദ്യ സംഘത്തെ പ്രത്യേക വിമാനത്തിലാണ് അമേരിക്കയിലേക്ക് എത്തിച്ചത്. 200 പേരാണ് ആദ്യ സംഘത്തി ലുണ്ടായിരുന്നത്.

രണ്ടു ദശകത്തിലേറെയായി അമേരിക്ക അഫ്ഗാനില്‍ നടത്തിയ ഭീകരവിരുദ്ധ പോരാട്ടത്തില്‍ കൂടെ നിന്നവര്‍ക്കാണ് വിസ നല്‍കുന്നത്. താലിബാനും അല്‍ ഖ്വായ്ദയ്‌ക്കുമെതിരായ പോരാട്ടത്തില്‍ യുഎസ് സേനയെ സഹായിച്ചവരെയും കുടുംബാംഗങ്ങളെയുമാണ് അമേരിക്ക പ്രത്യേക അഭയാര്‍ത്ഥി വിസ നല്‍കി സംരക്ഷിക്കുന്നത്. ആകെ 20,000 പേര്‍ ഇതുവരെ അപേക്ഷ നല്‍കിയെന്നാണ് അമേരിക്കയുടെ വിദേശകാര്യവകുപ്പ് പറയുന്നത്. ആദ്യ ഘട്ടത്തില്‍ 2500 പേരെ താമസിപ്പിക്കാനാണ് സൗകര്യമുള്ളത്. വെര്‍ജീനിയയിലെ സൈനിക കേന്ദ്രത്തിനകത്തെ സംവിധാനത്തിലാണ് തുടക്കത്തില്‍ താമസിപ്പിക്കുന്നത്.

2008 മുതല്‍ ഇതുവരെ 70,000 അഫ്ഗാന്‍ പൗരന്മാര്‍ക്ക് അമേരിക്ക വിസ നല്‍കിയിട്ടുണ്ട്. ഇവരെല്ലാം അമേരിക്കയിലെത്തുകയും അവിടത്തെ പൗരന്മാരായി മാറുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ് മാസം 31ന് അവസാന സൈനികനും അഫ്ഗാന്‍ വിടുമെന്ന് പ്രഖ്യാപിച്ചതോടെയാണ് അമേരിക്ക കഴിയുന്നത്ര അഫ്ഗാനികളെ തങ്ങള്‍ക്കൊപ്പം കൂട്ടുന്നത്.