കോട്ടയം : കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് രശ്മി രാജ് എന്ന യുവതി മരിച്ച സംഭവത്തിൽ, പാർക്ക് ഹോട്ടലിലെ മുഖ്യപാചകക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ് പിടിയിലായത്. ഭക്ഷ്യവിഷബാധയേറ്റുള്ള രശ്മിയുടെ മരണത്തിൽ പൊലീസ് നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം നടത്തുന്നത്.  ഒളിവിലായിരുന്ന സിറാജുദീനെ മലപ്പുറം കാടാമ്പുഴയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 

കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി കഴിഞ്ഞ മാസം 29 നാണ് സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. പിന്നാലെ രശ്മിക്ക് ശാരീരിക അസ്വാസ്ഥ്യമനുഭവപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ അവശയായ രശ്മിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് അണുബാധയുണ്ടായതാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പിന്നീട് വ്യക്തമായി.