ന്യൂഡല്‍ഹി: ലോകമാകെ അടച്ചുപൂട്ടലിലേക്കു കാരണമായ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ 6 കോടി യുവാക്കള്‍ക്ക് ഏപ്രില്‍ മാസം ജോലി നഷ്ടമായെന്നു കണക്കുകള്‍. ഒറ്റ മാസം തൊഴില്‍ നഷ്ടപ്പെട്ട 20നും 30നും മധ്യേ പ്രായമുള്ളവരുടെ കണക്കാണിത്. 20 വയസ്സ് പ്രായമുള്ള 2.7 കോടി യുവാക്കള്‍ക്കും 30 വയസ്സുള്ള 3.3 കോടി യുവാക്കള്‍ക്കുമാണ് ഏപ്രിലില്‍ ജോലി നഷ്ടപ്പെട്ടതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്നതും ഗ്രാമീണ വ്യാപാരം പുനരാരംഭിച്ചതും കാരണം കഴിഞ്ഞയാഴ്ച തൊഴില്‍ നിരക്ക് നേരിയ തോതില്‍ മെച്ചപ്പെട്ടു. മെയ് 10ന് അവസാനിച്ച ആഴ്ചയില്‍ തൊഴിലില്ലായ്മ നിരക്ക് 24 ശതമാനമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച ഇത് 27 ശതമാനമായിരുന്നു. ഇത്തരം മെച്ചപ്പെടുത്തലുകള്‍ ഉണ്ടെങ്കിലും നല്ല നിലയിലെത്തിയിട്ടില്ലെന്നു സിഎംഐഇ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ മഹേഷ് വ്യാസ് പറഞ്ഞു.

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലെ തൊഴില്‍ നഷ്ടം കുടുംബങ്ങളിലെ കടത്തിന്റെ അനുപാതം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് സിഎംഐഇ ചൂണ്ടിക്കാട്ടുന്നു. ഇത് ഗുരുതരമായ ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കും. 20നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ ശോഭനമായ ഭാവി പ്രതീക്ഷിച്ച്‌ തന്റെ കരിയര്‍ കെട്ടിപ്പടുക്കുന്നത് ഇക്കാലയളവിലാണ്. ഈ സമയം ജീവിതോപാധി തടസ്സപ്പെടുകയോ ഒരു വര്‍ഷം പോലും നീട്ടിവയ്ക്കുകയോ ചെയ്താല്‍, അതിനുശേഷം പുതിയ തൊഴിലിനു വേണ്ടി മല്‍സരിക്കേണ്ടിവരും. പിന്നീടുള്ള ജീവിതത്തില്‍ ആവശ്യമായ സമ്ബാദ്യം കെട്ടിപ്പടുക്കാന്‍ യുവ ഇന്ത്യയ്ക്കു കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്ക്ഡൗണ്‍ കാരണം ആകെ 12 കോടി പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സാമ്ബത്തിക പാക്കേജിനെച്ചൊല്ലി പറയുമ്ബോള്‍, തൊഴിലില്ലാത്തവര്‍ക്ക് അമേരിക്കയിലേതു പോലെ സഹായം നല്‍കുന്നതില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യക്കാര്‍ക്ക് തൊഴിലില്ലാതെ തുടരാന്‍ കഴിഞ്ഞില്ലെന്നാണ് മനസ്സിലാക്കുന്നത്. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്ബദ്‌വ്യവസ്ഥയെ സഹായിക്കാനായി 20 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, പുതിയ ഇളവുകളോടെ ലോക്ക്ഡൗണ്‍ മെയ് 17നു ശേഷവും നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.