കേരളത്തിലെ കോവിഡ് സാഹചര്യങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ആഗോള വെബ്ബിനാര്‍ നടത്താന്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് തയ്യാറെടുക്കുന്നു. തിരുവനന്തപുരം സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 9 മുതല്‍ 13 വരെയാണ് വെബിനാര്‍ വൈകിട്ട് 7 മുതല്‍ 8.30 വരെ നടത്തും. ഈ വിഷയത്തില്‍ ആഗോളതലത്തില്‍ പ്രശസ്തനായ ഡോ. എം.വി. പിള്ള, ഡോ. ഗബ്രിയേല്‍ ഗോണ്‍സാലസ്, ഡോ. ജെന്നിഫര്‍, ഡോ. എലേനര്‍ വില്‍സണ്‍, ഡോ. റോബര്‍ട്ട് സി. ഗാലോ, ഡോ. ശ്യാം കൊട്ടിലില്‍, ഡോ. മോഹനന്‍ കുന്നുമ്മല്‍ എന്നിവര്‍ പങ്കെടുക്കും.

അമേരിക്കയിലെ തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്ക് സീനിയര്‍ അഡ്വസൈര്‍ ഡോ. എം. വി പിള്ളയാണ് ആദ്യദിവസത്തെ ആദ്യ സെഷന്‍ കൈകാര്യം ചെയ്യുന്നത്. അന്നേ ദിവസം അയര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ഡബ്ലിനിലെ ഡോ. ഗബ്രിയേല്‍ ഗൊണ്‍സാലസും പരിപാടിയില്‍ പങ്കെടുക്കും. കോവിഡ് 19 വകഭേദവും അതിന്റെ പ്രത്യാഘാതവും എന്ന വിഷയത്തില്‍ ഡോ. ശാരദാദേവി, ഡേ. ശ്രീകുമാര്‍, ഡോ. ചാന്ദിനി, ഡോ. വിനോദ് സ്‌കറിയ എന്നിവരും സംസാരിക്കും. ഓഗസ്റ്റ് 10 ചൊവ്വാഴ്ച വൈകിട്ട് ഏഴിന് അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യുമന്‍ വൈറോളജിയിലെ ഡോ. ജെന്നിഫര്‍ ഹസ്സണ്‍ കോവിഡ് 19-മായി ബന്ധപ്പെട്ട വാക്‌സിന്‍ പഠനങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തും. ഡോ. ഇന്ദു, ഡോ. സിനിയ നുജും എന്നിവരും ഈ സെഷനില്‍ സംസാരിക്കും. മൂന്നാം ദിവസം ബുധനാഴ്ച പോസ്റ്റ് കോവിഡ് വെല്ലുവിളികള്‍ എന്ന വിഷയത്തില്‍, അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യുമന്‍ വൈറോളജിയിലെ ഡോ. എല്യേനര്‍ വില്‍സണ്‍ സംസാരിക്കും. ഡോ. തോമസ് ഐപ്പ്, ഡോ. സഞ്ജീവ് നായര്‍, ഡോ. ചാന്ദിനി, ഡോ. വിധുകുമാര്‍ എന്നിവരും സഹപ്രാസംഗികരായിരിക്കും. വ്യാഴാഴ്ചത്തെ സെഷനില്‍ കോവിഡും, മറ്റു പകര്‍ച്ചവ്യാധികളുടെ ഭാവിയും എന്ന വിഷയത്തില്‍ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യുമന്‍ വൈറോളജിയിലെ ഡോ. റോബര്‍ട്ട് സി. ഗാലോ പ്രഭാഷണം നടത്തും. ഈ സെഷനില്‍ ഡോ. ജയകൃഷ്ണന്‍, ഡോ. അനീഷ് ടി.എസ് എന്നിവരും സംസാരിക്കും. വെള്ളിയാഴ്ച ഓഗസ്റ്റ് 13-ന് കോവിഡിന്റെ ചികിത്സയെക്കുറിച്ച് അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യുമന്‍ വൈറോളജിയിലെ ഡോ. ശ്യാം കൊട്ടിലില്‍ പ്രഭാഷണം നടത്തും. ഒപ്പം ഡോ. സുമ ടി.കെ, ഡോ. അരവിന്ദ് എന്നിവരും പങ്കെടുക്കും.