ന്യൂഡല്‍ഹി: കെ പി സി സി അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍. അദ്ധ്യക്ഷനെ പ്രഖ്യാപിക്കും മുമ്പ്‌ സംസ്ഥാന കോണ്‍ഗ്രസിലെ എല്ലാ വശങ്ങളും നേതാക്കളുടെ അഭിപ്രായങ്ങളും വിശദമായി മനസിലാക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. ഇതിനായി കേരളത്തിന്‍റെ ചുമതലയുളള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തിയേക്കുമെന്നാണ് വിവരം.

എം പിമാരില്‍ നിന്നും എം എല്‍ എമാരില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളുടെയടക്കം അടിസ്ഥാനത്തിലാവും പാര്‍ട്ടി തീരുമാനമുണ്ടാവുക. പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാതെ എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന തീരുമാനം എടുക്കുകയെന്നതാണ് ഹൈക്കമാന്‍ഡിന്‍റെ നയം.

കേരളത്തിലെ കാര്യമായതിനാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയെടുക്കുന്ന തീരുമാനത്തില്‍ ഇടപെടാതിരിക്കുക എന്ന സമീപനമാണ് മുതിര്‍ന്ന നേതാക്കളായ എ.കെ ആന്‍റണിയും കെ സി വേണുഗോപാലും സ്വീകരിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുമായി ആലോചിച്ച ശേഷമാവും അന്തിമ തീരുമാനം കൈക്കൊള്ളുക.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിലവില്‍ കെ സുധാകരന്‍റെ പേരിനുതന്നെയാണ് മുന്‍തൂക്കമെങ്കിലും കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് വലിയതോതില്‍ വോട്ടു ചോര്‍ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ മറ്റൊരു വര്‍ക്കിംഗ് പ്രസിഡന്‍റായ കെ വി തോമസിനെ പരിഗണിച്ചുകൂടെന്നുമില്ല. എന്നാല്‍ ഇവരാരുമല്ലാതെ പുതിയ തലമുറയില്‍പ്പെട്ട ജനകീയ അടിത്തറയുള്ളവരെ അദ്ധ്യക്ഷനാക്കുന്ന കാര്യവും തള്ളിക്കൂടെന്നുതന്നെയാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.