ഒ​റ്റ​പ്പാ​ലം: അ​ന​ന്യ​സാ​ധാ​ര​ണ​മാ​യ അ​ഭി​ന​യ മി​ക​വു​കൊ​ണ്ട് ജീ​വി​ത​ഗ​ന്ധി​ക​ളാ​യ ഒ​ട്ട​നേ​കം ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക് ജീ​വ​ന്‍ പ​ക​ര്‍​ന്ന ഒ​ടു​വി​ല്‍ ഉണ്ണികൃഷ്ണന്‍റെ പ​തി​ന​ഞ്ചാം ച​ര​മ​വാ​ര്‍​ഷി​ക​മാ​യി​രു​ന്നു ഇ​ന്ന​ലെ. മ​ല​യാ​ള സി​നി​മാ​ലോ​ക​വും ആ​സ്വാ​ദ​ക​വൃ​ന്ദ​ങ്ങ​ളാ​രാ​ലും ഓ​ര്‍​മ്മി​ക്കാ​തെ​യാ​ണ് ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​നെ​ന്ന അ​തു​ല്യ ന​ട​ന്‍റെ ച​ര​മ​വാ​ര്‍​ഷി​കം ക​ട​ന്നു​പോ​യ​ത്. ഒ​ടു​വി​ലി​ന്‍റെ പേ​രി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച അ​വാ​ര്‍​ഡും ച​ര​മ​വാ​ര്‍​ഷി​കം പോ​ലെ വി​സ്മൃ​തി​യി​ലാ​ണ്.

ഇ​നി​യും ആ​ടാ​ന്‍ അ​നേ​കം ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ബാ​ക്കി വ​ച്ചാ​യി​രു​ന്നു ‘പെ​രി​ങ്ങോ​ട​ന്‍​’ സി​നി​മ​യി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് മ​റ​ഞ്ഞു​പോ​യ​ത്. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ ര​സ​ത​ന്ത്ര​ത്തി​ലൂ​ടെ അ​വ​സാ​ന ഭാ​വ ര​സ​വും പ്രേ​ക്ഷ​ക​ന്‍റെ ഹൃ​ദ​യ​ത്തി​ലേ​ക്ക് ആ​വാ​ഹി​ച്ച ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ചാ​യ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത ഫ്രെ​യിമി​ലേ​ക്ക് യാ​ത്ര​യാ​യി​ട്ട് പ​തി​ന​ഞ്ച് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടു​വെ​ന്ന് പ്രേക്ഷകര്‍ക്ക് ഇപ്പോഴും വി​ശ്വ​സി​ക്കു​ക പ്ര​യാ​സമാണ്.

നാ​യ​ക കേ​ന്ദ്രീ​കൃ​ത​മാ​യ മ​ല​യാ​ള സി​നി​മ​യു​ടെ ച​ട്ട​ക്കൂ​ടു​ക​ള്‍​ക്ക് പു​റ​ത്ത് നാ​യ​ക​നൊ​പ്പ​മോ അ​തി​നും മു​ക​ളി​ലോ നാ​ലു​പ​തി​റ്റാ​ണ്ടി​ന്‍റെ അ​ഭി​ന​യ മി​ക​വു​കൊ​ണ്ട് ന​ട​ന്ന് ക​യ​റി​യി​ട്ടു​ണ്ട് ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍. പി​ന്നി​ട്ട കാ​ല​ങ്ങ​ള്‍ അ​ത്ര​യും ഒ​ടു​വി​ല്‍ എ​ന്ന മ​ഹാ​ന​ട​നെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ പ​ല​രാ​യും അ​ഭ്ര​പാ​ളി​ക​ളി​ല്‍ ക​ണ്ട​തു​മാ​ണ്. വേ​ഷ പ​ക​ര്‍​ച്ച​യി​ലെ ഭാ​വ ശു​ദ്ധി, ജീ​വി​ത​ത്തി​ന് ശു​ഭം പ​റ​യു​ന്ന​ത് വ​രെ കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട് ഒ​ടു​വി​ലി​ന്.

ദേ​വാ​സു​ര​ത്തി​ലെ നീ​ല​ക​ണ്ഠ​നെ​ന്ന ത​ള​ര്‍​ന്ന് വീ​ണു പോ​യ ആ​ത്മ​സു​ഹൃ​ത്ത​നെ കാ​ണാ​ന്‍ മ​ന:​ശ​ക്തി​യി​ല്ലാ​തെ പ​ഴ​യ​പ​ടി ആ​കു​ന്ന ദി​വ​സം വ​ന്ന് ക​ണ്ടോ​ളം എ​ന്ന് നി​രു​ദ്ധ​ക​ണ്ഠ​നാ​യി പ​റ​ഞ്ഞ് ഇ​ട​ക്ക ചു​മ​ലി​ലേ​ക്ക് വ​ലി​ച്ചി​ട്ട് ഇ​രു​ളി​ലൂ​ടെ അ​രി​ച്ചി​റ​ങ്ങി വ​ന്ന നേ​ര്‍​ത്ത വെ​ളി​ച്ച​ത്തി​ല്‍ ന​ട​ന്നു മ​റ​ഞ്ഞ പെരി​ങ്ങോ​ട​ന്‍റെ രൂ​പം ദു​ര്‍​ബ​ല​മെ​ന്ന് തോ​ന്നി​പ്പി​ക്കു​മെ​ങ്കി​ലും ആ ​ശ​രീ​ര​ത്തി​ല്‍ നി​ന്ന് വ​ന്ന ശ​ക്ത​മാ​യ വേ​ഷപ​ക​ര്‍​ച്ച ഇ​ന്നും ഓ​രോ മ​ല​യാ​ളി​യു​ടെ​യും നെ​ഞ്ചി​നെ പൊ​ള്ളി​ക്കു​ന്ന​താ​ണ്.

നാ​നൂ​റോ​ളം സി​നി​മ​ക​ള്‍​ക്കൊ​പ്പം സ​ഞ്ച​രി​ച്ച ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ത​ന്‍റെ വ​ല​ത്തെ ചു​മ​ലി​ല്‍ സ​ദാ​സ​മ​യം കൊ​ണ്ട് ന​ട​ക്കു​ന്ന തോ​ര്‍​ത്ത് മു​ണ്ടി​നെ പോ​ലും അ​ഭി​ന​യ മു​ഹൂ​ര്‍​ത്ത​ങ്ങ​ളെ തീ​വ്ര​മാ​ക്കാ​ന്‍ അ​തി വി​ദ​ഗ്ധ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് തൊ​ട്ട​റി​ഞ്ഞ​വ​രാ​ണ് മ​ല​യാ​ള സി​നി​മ ലോ​കം. 2002ല്‍ ​അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച നി​ഴ​ല്‍​കൂ​ത്ത് എ​ന്ന സി​നി​മ​യി​ലൂ​ടെ ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന് മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ബ​ഹു​മ​തി നേ​ടി​ക്കൊ​ടു​ത്തു.

അ​തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ കാ​ളി​യ​പ്പ​ന്‍ എ​ന്ന ആ​രാ​ച്ചാ​രി​ന്‍റെ വേ​ഷം സ്ക്രീ​നി​നും ജീ​വി​ത​ത്തി​നും ഇ​ട​ക്ക് അ​വി​സ്മ​ര​ണീ​യ​മാം വി​ധം പ​ക​ര്‍​ന്ന​ാടു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​റു​തി​യു​ടെ ചെ​റു​പ്പ​കാ​ലം ക​ട​ന്ന് നാ​ട​ക തി​ര​ശീ​ല​യി​ലൂ​ടെ സി​നി​മ​യി​ലേ​ക്ക് വ​ന്ന​ത് കൊ​ണ്ടാ​ക​ണം.

ഓ​രോ ഫ്രെ​യി​മി​ലും ബി​ഗ് സ്ക്രീ​നി​ന് പു​റ​ത്തു​ള്ള ജീ​വി​തം അ​ദ്ദേ​ഹ​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​ന് അ​നു​ഭ​വ ഭേ​ദ്യ​മാ​യ​ത്. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖം ജീ​വി​ത​ത്തി​ന്‍റെ തി​ര​ശീ​ല താ​ഴ്ത്തി​യ​പ്പോ​ള്‍ മ​ല​യാ​ള​ത്തി​ന് ന​ഷ്ട​മാ​യ​ത് ജീ​വി​ത​ത്തെ ഭാ​വ​പ​ക​ര്‍​ച്ച​ക​ള്‍ ഏ​തു​മി​ല്ലാ​തെ അ​ഭ്ര​പാ​ളി​ക​ളി​ല്‍ എ​ത്തി​ച്ച മ​ഹാ​ന​ട​നെ​യാ​ണ്. 2006 മെ​യ് 27നാ​ണ് ‘ഒ​ടു​വി​ല്‍’ ചെ​യ്യാ​ന്‍ ബാ​ക്കി​യാ​ക്കി​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ഫ്രെ​യിമി​ല്‍ അ​വ​ശേ​ഷി​പ്പി​ച്ച്‌ യാ​ത്ര​യാ​യ​ത്.