ഡെറാഡൂൺ: കാറപകടത്തിൽ പരിക്കേറ്റ് ഡെറാഡൂണിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ക്രിക്കറ്റർ ഋഷഭ് പന്തിനെ മുംബൈയിലേക്ക് മാറ്റാൻ ബിസിസിഐ. താരത്തെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽനിന്ന് അന്ധേരിയിലെ കോകിലാബെൻ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുമെന്ന് ബിസിസിഐ അറിയിച്ചു.
ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര, സച്ചിൻ തെൻഡുൽക്കർ, യുവ്രാജ് സിംഗ് എന്നിവരടക്കം പ്രമുഖരെ ചികിത്സിച്ച സ്പോർട്സ് മെഡിസിൻ വിദഗ്ധൻ ഡോ. ദിൻഷോ പർദിവാലയുടെ കീഴിലാകും പന്തിന്റെ തുടർചികിത്സ. അന്താരാഷ്ട്ര കായികതാരങ്ങളടക്കമുള്ളവരെ ചികിത്സിച്ചിട്ടുള്ള വ്യക്തിയാണ് പർദിവാല.
ലിഗമെന്റിനും തലയ്ക്കും പരിക്കേറ്റ പന്തിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയിരുന്നു. തുടർശസ്ത്രക്രിയ ആവശ്യമെങ്കിൽ താരത്തെ യുഎസ്, യുകെ എന്നീ രാജ്യങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.
ഡിസംബർ 30-നാണ് ഡെറാഡൂണിലെ റൂർക്കി മേഖലയിൽ വച്ച് പന്ത് അപകടത്തിൽപ്പെട്ടത്. താരം സഞ്ചരിച്ച ആഡംബര കാർ റോഡിന് നടുവിലുള്ള ഡിവൈഡറിൽ ഇടിച്ച്കയറി തീ പിടിക്കുകയായിരുന്നു.