തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ കരിക്കുലം പുന:സംഘടനയ്ക്കായി കേരള സംസ്ഥാന കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് പ്രഫ. സുരേഷ് ദാസാണ് കമ്മിറ്റി ചെയർപേഴ്സൺ.
ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കരണങ്ങൾക്കു ശിപാർശ ചെയ്യുന്ന പ്രഫ. ശ്യാം ബി. മേനോൻ കമ്മീഷന്റെ നിർദേശങ്ങൾക്കനുസൃതമായാണ് കരിക്കുലം പരിഷ്ക്കരണത്തിന് കമ്മിറ്റി രൂപീകരിച്ചത്. നാലു വർഷ ബിരുദ കോഴ്സുകൾ തുടങ്ങാൻ സർക്കാർ തലത്തിൽ തീരുമാനമായ സാഹചര്യത്തിലാണ് മോഡൽ കരിക്കുലം രൂപീകരണ കമ്മിറ്റി പ്രവർത്തനമാരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കമ്മിറ്റി തയാറാക്കുന്ന മാതൃകാ കരിക്കുലം സർവകലാശാലതലത്തിൽ സമഗ്ര ചർച്ചകൾ നടത്തി നടപ്പിലാക്കും. തുടർന്ന് സിലബസ് പരിഷ്കരണവും നടക്കും. ആവശ്യമെങ്കിൽ ഭേദഗതികളോടെ അഫിലിയേറ്റഡ് സർവകലാശാലകളിൽ കരിക്കുലം പുനഃസംഘടന നടപ്പിലാക്കും.
രാജ്യത്തെ വിവിധ സർവകലാശാലകളിലേയും ഗവേഷണ സ്ഥാപനങ്ങളിലേയും മികച്ച യുവ അധ്യാപകരും ഗവേഷകരും അടങ്ങുന്നതാണ് കമ്മിറ്റി.