ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെ തുടര്‍ന്ന് പഞ്ചാബിലെ ഭക്ഷ്യ മന്ത്രി ഫൗജ സിംഗ് സരാരി രാജിവച്ചു. കരാറുകാരിൽനിന്നും പണം തട്ടുന്നതു സംബന്ധിച്ച് നടത്തിയ സംഭാഷണം പുറത്തായതിനു പിന്നാലെയാണ് രാജി. മുഖ്യമന്ത്രി ഭഗവന്ത് മന് മന്ത്രിയുടെ രാജി സ്വീകരിച്ചു.
സെപ്റ്റംബറില്‍ ഫൗജ സിംഗും അദ്ദേഹത്തിന്റെ അടുത്ത സഹായി ടാര്‍സെം ലാല്‍ കപൂറും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. കരാറുകാരില്‍നിന്ന് പണം തട്ടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചില പദ്ധതികള്‍ തയാറാക്കുന്നതിനെ കുറിച്ചാണ് ഇതില്‍ പറഞ്ഞിരുന്നത്.
സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലായതു മുതൽ മന്ത്രിയുടെ രാജിക്കായി മുറവിളി ഉയർന്നിരുന്നു. എന്നാല്‍ ശബ്ദ സന്ദേശം വ്യാജമാണെന്ന് ഫൗജ സിംഗ് പറയുന്നത്.
ഭഗവന്ത് മൻ മന്ത്രിസഭയിൽ സ്ഥാനം നഷ്ടപ്പെടുന്ന രണ്ടാമത്തെ കാബിനറ്റ് മന്ത്രിയാണ് സരാരി. 2022 മെയ് മാസത്തിൽ, അഴിമതി ആരോപണത്തെ തുടർന്ന് മൻ ആരോഗ്യമന്ത്രി ഡോ.വിജയ് സിംഗ്ലയെ പുറത്താക്കിയിരുന്നു.