ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി വിഷയത്തില്‍ കൂട്ടയൊഴിപ്പിക്കലിന് താല്‍ക്കാലിക സ്റ്റേ നല്‍കി സുപ്രീംകോടതി. ഇതൊരു മാനുഷിക വിഷയം ആണെന്നും പ്രായോഗികമായ ഒരു പരിഹാരം കാണാനും സുപ്രീംകോടതി റെയില്‍വേയോടും ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും നിര്‍ദേശിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഒരാഴ്ചയ്ക്കുള്ളില്‍ അരലക്ഷം പേരെ ഒഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍. ഫെബ്രുവരി ഏഴിന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഏഴൂ പതിറ്റാണ്ട് ഒരു പ്രദേശത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുമ്പോള്‍ അവരുടെ പുനരധിവാസം കൂടി ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഏഴ് ദിവസത്തിനകം ഇവിടെ നിന്നും ആള്‍ക്കാരെ കുടിയൊഴിപ്പിക്കാനായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടത്. പോലീസിനെയും അനുബന്ധ സേനകളെയും ഉപയോഗിക്കാനും ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധി പുറത്തു വന്നതിന് പിന്നാലെ ജനുവരി 9 നകം ഒഴിയണമെന്ന് കാട്ടി സര്‍ക്കാര്‍ ഇവിടുത്തെ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. കുടിയൊഴിപ്പിക്കുന്നവരില്‍ 90 ശതമാനവും മുസഌങ്ങളാണ്.