ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഈ മാസം 17 ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കും. ഉക്രെയ്ന്റെ വ്യോമപ്രതിരോധ ശേഷി സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തും.
‘ട്രംപിനോട് ഞങ്ങളുടെ കാഴ്പ്പാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ഫോണിലൂടെ ചര്‍ച്ച ചെയ്യേണ്ടതല്ല. അതിനാല്‍ ഞങ്ങള്‍ കൂടിക്കാഴ്ച നടത്തും.’ സെലെന്‍സ്‌കി പറഞ്ഞു.
ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് യുഎസ് സന്ദര്‍ശനം സംബന്ധിച്ച സെലെന്‍സ്‌കിയുടെ പ്രഖ്യാപനം വന്നത്. സെലെന്‍സ്‌കിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഉക്രെയ്ന്‍ പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോയുടെ നേതൃത്വത്തിലുള്ള സംഘം യുഎസ് സന്ദര്‍ശിക്കും.
യുഎസ് നിര്‍മിത ദീര്‍ഘദൂര മിസൈല്‍ നല്‍കണമെന്ന് ഉക്രെയ്ന്‍ ആവശ്യപ്പെട്ടിരുന്നു. മോസ്‌കോയെ ലക്ഷ്യം വയ്ക്കാന്‍ ശേഷിയുള്ള മിസൈലാണ് സെലെന്‍സ്‌കി ആവശ്യപ്പെട്ടിരിക്കുന്നത്. സൈനിക താവളങ്ങളെ മാത്രമേ ആക്രമിക്കുകയുള്ളുവെന്നും ഉക്രെയ്ന്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീര്‍ഘദൂര ടോമാഹോക്ക് മിസൈല്‍ ഉക്രെയ്‌ന് നല്‍കുന്നത് പരിഗണിക്കുമെന്ന് തിങ്കളാഴ്ച ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.