കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസിൽ  ഏറെക്കാലമായി തുടരുന്ന ഗ്രൂപ്പ് സമവാക്യങ്ങളെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം. ഒ.ജെ. ജനീഷിനെ അധ്യക്ഷനാക്കിയതിന് പുറമേ ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റുമാക്കിയതോടെ യൂത്ത് കോണ്‍ഗ്രസ് പൂര്‍ണമായും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് കീഴിലായി. സംഘടനാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ശേഷം കൂടുതല്‍ വോട്ട് നേടിയ അബിന്‍ വര്‍ക്കിയെ മറികടന്നാണ് ഒ.ജെ. ജനീഷിനെ അധ്യക്ഷനാക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനായ സംസ്ഥാന കമ്മിറ്റിയില്‍ ഉപാധ്യക്ഷനായിരുന്നു ജനീഷ്. തൃശ്ശൂര്‍ സ്വദേശിയാണ്. കെഎസ്‌യു ജില്ലാ അധ്യക്ഷ സ്ഥാനമടക്കം വഹിച്ചിട്ടുണ്ട്. ഷാഫി പറമ്പില്‍ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു.

കാലങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം. കഴിഞ്ഞ പുനഃസംഘടനയില്‍ കെഎസ്‌യു അധ്യക്ഷ സ്ഥാനവും എ ഗ്രൂപ്പിന് നഷ്ടപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ ചിതറിത്തെറിച്ച പഴയ എ ഗ്രൂപ്പിനേറ്റ മറ്റൊരു തിരിച്ചടിയാണ് യൂത്ത് കോണ്‍ഗ്രസ് തലപ്പത്തെ പുതിയ നിയമനങ്ങള്‍.

ജനീഷിന് പുറമേ, ബിനു ചുള്ളിയില്‍, അബിന്‍ വര്‍ക്കി. കെ.എം. അഭിജിത്ത് എന്നിവരുടെ പേരായിരുന്നു അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ഇതില്‍ അബിന്‍ വര്‍ക്കിയേയും അഭിജിത്തിനേയും ദേശീയ സെക്രട്ടറിമാരായി ഉയര്‍ത്തി. അബിന്‍ വര്‍ക്കിക്കായി രമേശ് ചെന്നിത്തലയും അഭിജിത്തിനായി എം.കെ. രാഘവന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പും സജീവമായി രംഗത്തുണ്ടായിരുന്നു. പതിവുപോലെ ഇത്തവണയും വാര്‍ത്തകളില്‍ ജെ.എസ്. അഖിലിന്റെ പേരും ഉയര്‍ന്നുകേട്ടെങ്കിലും സജീവമായി പരിഗണിച്ചിരുന്നില്ലെന്നാണ് നിലവിലെ നിയമനങ്ങള്‍ നല്‍കുന്ന സൂചന.

സാമുദായിക സമവാക്യങ്ങളാണ് മറ്റ് പേരുകള്‍ക്ക് വിനയായത്. കെപിസിസി, കെഎസ്‌യു, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ളവരാണ്. ഇതാണ് അബിന്‍ വര്‍ക്കിയെ മാറ്റിനിര്‍ത്താന്‍ കാരണം. മറ്റ് പേരുകളില്‍ ഗ്രൂപ്പുകളും നേതാക്കളും ഐക്യപ്പെടാതിരുന്നതോടെയാണ് ജനീഷിനെ അധ്യക്ഷനാക്കിയത്.

രാഹുലിന്റെ രാജിക്ക് തൊട്ടുമുമ്പ് നടന്ന ദേശീയ പുനഃസംഘടനയില്‍ ബിനു ചുള്ളിയിലിനെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. കേരളത്തില്‍നിന്ന് ബിനുവിന് പുറമേ മൂന്നുപേരാണ് ജനറല്‍ സെക്രട്ടറിമാരായത്. ഷാഫി പറമ്പില്‍- രാഹുല്‍ മാങ്കൂട്ടത്തില്‍ പക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന ജിന്‍ഷാദ് ജിന്നാസ്, കെ.സി. ഗ്രൂപ്പില്‍നിന്നുള്ള ഷിബിന വി.കെ, രമേശ് ചെന്നിത്തലയോട് ചേര്‍ന്നുനില്‍ക്കുന്ന ശ്രീലാല്‍ ശ്രീധര്‍ എന്നിവരാണ് മറ്റു മൂന്നുപേര്‍.

ഇതില്‍ എ ഗ്രൂപ്പ് കെ.എം. അഭിജിത്തിന്റെ പേരായിരുന്നു ദേശീയ ഭാരവാഹിത്വത്തിലേക്ക് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, അവസാന നിമിഷം നടന്ന ഇടപെടലുകളില്‍ അഭിജിത്തിന്റെ പേര് വെട്ടിപ്പോവുകയാണുണ്ടായത്. അന്ന് പ്രവര്‍ത്തകരും നേതാക്കളും അഭിജിത്തിനുവേണ്ടി സജീവമായി രംഗത്തെത്തി. കോഴിക്കോട് എം.പി. എം.കെ. രാഘവന്റെ നേതൃത്വത്തില്‍ നാല് എംപിമാര്‍ ഹൈക്കമാന്‍ഡിനെ നേരിട്ട് കണ്ടതായും വാര്‍ത്തകളുണ്ടായിരുന്നു. അന്ന് നഷ്ടമായ ദേശീയ സെക്രട്ടറി സ്ഥാനമാണ് അഭിജിത്തിലേക്ക് വൈകിയെത്തുന്നത്.

പഴയ സംസ്ഥാന കമ്മിറ്റിയില്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമില്ല. അധ്യക്ഷന് പുറമേ ഏഴ് ഉപാധ്യക്ഷന്മാരാണ് ഉണ്ടായിരുന്നത്. ബിനു ചുള്ളിയിലിനെ ഉള്‍പ്പെടുത്താന്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. നേരത്തെ, പ്രഖ്യാപിച്ച പട്ടികയിലെ ഷിബിനയ്ക്കു പുറമേ മറ്റൊരു വൈസ് പ്രസിഡന്റായ അബിന്‍ വര്‍ക്കി കൂടി ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയാണ്. ഇതോടെ സംസ്ഥാന ഉപാധ്യക്ഷന്മാരുടെ എണ്ണം അഞ്ചായി കുറയും.