വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിനായി യുഎസിലെത്തിയ ഇന്ത്യന്‍ വംശജയായ ഇരുപത്തിനാലുകാരിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 20ന് ഇന്ത്യയില്‍ നിന്ന് ന്യൂജഴ്‌സിയിലെത്തിയ ഉടനെയാണ് സിമ്രാന്‍ (24) എന്ന യുവതിയെ അവസാനമായി കണ്ടത്. ലിന്‍ഡെന്‍വോള്‍ഡ് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ ഫോണ്‍ പരിശോധിച്ച് ആരെയോ കാത്തുനില്‍ക്കുന്ന സിമ്രാനെ കാണാം. അവരുടെ മുഖത്ത് പരിഭ്രാന്തി ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.

സിമ്രാനെ കാണാനില്ലെന്ന് കാട്ടി അവര്‍ ന്യൂജഴ്‌സിയില്‍ എത്തി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ബുധനാഴ്ചയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹം എന്ന പേരില്‍ യുഎസിലെത്താന്‍ നടത്തിയ ശ്രമമാണോ ഇതെന്നും പൊലീസ് അന്വേഷിക്കുന്നതായി എന്‍വൈ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

യുഎസില്‍ സിമ്രാന് ബന്ധുക്കളില്ല, ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയില്ല. അവിടെച്ചെന്നിട്ട് ഫോണ്‍ കണക്ഷന്‍ എടുത്തിട്ടില്ല. വൈഫൈ വഴിയാണ് അവരുടെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയിലെ കുടുംബാംഗങ്ങളെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആരെയും ബന്ധപ്പെടാനായില്ലെന്നും അധികൃതര്‍ അറിയിച്ചു.