ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ ഓഫീസിന്‍റെ ലോക ഹിജാബ് ദിന പോസ്റ്റിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ച. ഹിജാബിനെ വിശ്വാസത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രതീകമായി വിശേഷിപ്പിച്ചു കൊണ്ടുള്ള മേയറുടെ ഓഫീസിന്‍റെ എക്സ് അക്കൌണ്ടിലെ കുറിപ്പിനെതിരെയാണ് ഒരു വിഭാഗം വിമർശനം ഉന്നയിച്ചത്. ഇറാനിൽ നിർബന്ധിത ഹിജാബ് നിയമങ്ങൾക്കെതിരെ സ്ത്രീകൾ ജീവൻ പണയം വച്ച് പോരാടുമ്പോൾ, ന്യൂയോർക്ക് മേയർ ഹിജാബിനെ ആഘോഷിക്കുന്നത് ക്രൂരതയാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

ലോക ഹിജാബ് ദിനത്തോടനുബന്ധിച്ച് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ ഓഫീസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ആഗോള തലത്തിൽ ചർച്ചയാവുകയാണ്. ഹിജാബിനെ വിശ്വാസത്തിന്‍റെയും സ്വത്വത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രതീകം എന്ന് വിശേഷിപ്പിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ സ്ത്രീകൾ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഈ പോസ്റ്റ് അനുചിതമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

വിമർശനം ഇറാനിലെ സ്ത്രീകളെ ചൂണ്ടിക്കാട്ടി
മേയറുടെ കീഴിലുള്ള ‘ഓഫീസ് ഓഫ് ഇമിഗ്രന്റ് അഫയേഴ്‌സ്’ ആണ് പോസ്റ്റ് പങ്കുവെച്ചത്- “ലോകമെമ്പാടുമുള്ള മുസ്ലീം സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിശ്വാസത്തെയും സ്വത്വത്തെയും ഇന്ന് ഞങ്ങൾ ആഘോഷിക്കുന്നു. ഹിജാബ് ധരിക്കാൻ തീരുമാനിച്ചവരെ സംബന്ധിച്ച് അത് വിശ്വാസത്തിന്‍റെയും മുസ്ലിം പൈതൃകത്തിന്‍റെയും അടയാളമാണ്” എന്നാണ് പോസ്റ്റിൽ പറയുന്നത്.