ക്ലിനിക്കിലെത്തിയ കുട്ടിയുടെ 3.5 ഗ്രാം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച ശേഷം വിഴുങ്ങി.യുവതിക്ക് എനിമ വച്ച് തൊണ്ടിമുതലിനായുള്ള വനിതാ പോലീസിന്റെ കാത്തിരിപ്പ് മൂന്നാം ദിവസത്തിലേക്ക്. ഫഹദ് ഫാസില്‍ അഭിനയിച്ച ദിലീഷ് പോത്തൻ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ അവസ്ഥയില്‍ കേരളാ പോലീസ്.
നിലമ്പൂരിലെ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിയ കുട്ടിയുടെ കഴുത്തില്‍നിന്ന് സ്വർണമാല മോഷ്ടിച്ചു സമീന (35) വിഴുങ്ങിയ സ്വർണത്തിനായുള്ള കാത്തിരിപ്പ് മൂന്നാം ദിവസത്തിലേക്ക് കടന്നു. തിങ്കളാഴ്ച നിലമ്പൂർ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിയ കുട്ടിയുടെ മാലയാണ് സമീന മോഷ്ടിച്ചു വിഴുങ്ങിയത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മോഷ്ടിച്ച മാല ഇനിയും ലഭിച്ചിട്ടില്ല. ഇതോടെ മാല പുറത്തുവരുന്നതും കാത്ത് ആശുപത്രിയില്‍ സമീനയ്ക്കൊപ്പമുള്ള വനിതാ പോലീസിന്റെ കാവല്‍ മൂന്നാം ദിവസത്തിലേക്കു കടന്നു.
തിങ്കളാഴ്ച നിലമ്പൂർ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കില്‍ 9ന് രാത്രി പത്തോടെയാണ് സംഭവത്തിന്റെ തുടക്കം. ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കവെ, പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ കഴുത്തില്‍നിന്ന് 3.5 ഗ്രാമിന്റെ മാല കാണാതായി. വരാന്തയില്‍ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി കൊഞ്ചിക്കുന്നത് പലരും കണ്ടിരുന്നു. പിന്നീടാണ് സ്വർണം കാണാതായത്. കയ്യോടെ പിടികൂടുമെന്ന ഘട്ടത്തില്‍ യുവതി മാല വിഴുങ്ങുകയായിരുന്നു.
നാട്ടുകാർ തടഞ്ഞുവച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു. കുറ്റം നിഷേധിച്ചതിനെത്തുടർന്ന് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തി. തുടർന്ന് ആഭരണം വയറ്റിലുണ്ടെന്ന് കണ്ടെത്തി. ഡോക്ടറുടെ നിർദേശപ്രകാരം എനിമ നല്‍കി. എന്നാല്‍ ആഭരണം മാത്രം ഇനിയും പുറത്തുവന്നിട്ടില്ല.



