ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. ഡിസംബർ 18 വ്യാഴം മുതൽ വാരാന്ത്യം വരെ രാജ്യത്ത് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.
അറേബ്യൻ കടലിലെയും ചെങ്കടലിലെയും ന്യൂനമർദ്ദ സ്വാധീനമാണ് ഈ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റത്തിന് കാരണം. കഴിഞ്ഞ ഒരാഴ്ചയായി യുഎഇയിൽ കനത്ത മഴ തുടരുകയാണ്. മിക്ക താഴ്ന്ന സ്ഥലങ്ങളിലും വെള്ളം കയറിയ അവസ്ഥയാണ്. ഡിസംബർ 19 വെള്ളിയാഴ്ചയോടെ കാലാവസ്ഥാ വ്യതിയാനം അതിന്റെ പൂർണ്ണരൂപത്തിൽ എത്തിയേക്കുമെന്നാണ് വിവരം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ദുബായ്, അബുദാബി, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും എന്നാൽ ചില സമയങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുന്നത് കനത്ത മഴയ്ക്ക് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ശക്തമായ കാറ്റ് മണിക്കൂറിൽ 40 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. ഇത് പൊടിയും മണലും ഉയരുന്നതിനും റോഡുകളിൽ ദൃശ്യപരത കുറയുന്നതിനും കാരണമാകും. ഈ സമയങ്ങളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും ദുബായ് പോലീസ് നേരത്തെ നിർദേശം നൽകിയിരുന്നു.
അതേസമയം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ 7 മുതൽ 9 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർക്കും തീരപ്രദേശങ്ങളിൽ ഉള്ളവർക്കും ജാഗ്രതാ നിർദേശം നൽകി. കൂടാതെ കാലാവസ്ഥാ മാറ്റത്തോടൊപ്പം താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും തണുപ്പ് വർധിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ യുഎഇയിലെ മലയോര മേഖലകളിൽ താപനില 10 ഡിഗ്രി സെൽഷ്യസിനും താഴെ പോകാൻ സാധ്യതയുണ്ട്. കാലാവസ്ഥാ അസ്ഥിരതയിൽ നേരിയ കുറവുണ്ടാകുമെങ്കിലും ആകാശം മേഘാവൃതമായി തന്നെ തുടരും. ഇത് തീരദേശങ്ങളിലും കിഴക്കൻ മേഖലകളിലും മഴ തുടരാൻ സാധ്യത വർധിപ്പിക്കുന്നു.
അടുത്ത ആഴ്ചയോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങും. എങ്കിലും തീരപ്രദേശങ്ങളിലും ദ്വീപുകളിലും നേരിയ മഴ പ്രതീക്ഷിക്കാം. ഒപ്പം രാത്രികാലങ്ങളിൽ ഈർപ്പത്തിന്റെ അളവും വർധിക്കും. അവധികാലം കൂടെ ആയതിനാൽ വാരാന്ത്യത്തിൽ വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നവർ നിർബന്ധമായും കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.



