തിരുവനന്തപുരം: കെഎസ്ആർടിസി റിട്ട. ഇൻസ്പെക്ടർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യാ സഹോദരനും എം പാനൽ കണ്ടക്ടറുമായ ജെ ഷാജഹാനെ (52) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. നെട്ടിറച്ചിറ ആസിഫ് മൻസിലിൽ അഷറഫിനെയാണ് (68) ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാലിനേറ്റ അടിയിൽ നിന്നുമുള്ള ആഘാതത്തിലാണ് മരിച്ചത് എന്ന് സ്ഥിരീകരിച്ചു.

പ്രമേഹരോഗിയായ കാലിലേറ്റ പരിക്ക് കാരണം അഷ്റഫിന് രക്ത സമ്മർദ്ദം കൂടിയാണു മരണം സംഭവിച്ചത്. തർക്കത്തിനിടെ മർദ്ദിച്ചുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടർന്നാണ് നെടുമങ്ങാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂർ മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദ മെഡിക്കൽ വിദ്യാഥിയായ ഏക മകൻ ഡോ.ആസിഫിനൊപ്പം താമസിച്ചിരുന്ന അഷറഫ് ഒരാഴ്ച മുൻപാണ് നെട്ടിറച്ചിറയിലെ കുടുംബ വീട്ടിൽ എത്തിയത്.

ഭാര്യ മാജിദ രണ്ടു വർഷം മുൻപ് മരിച്ചതിനാൽ അഷറഫ് ഒറ്റക്കായിരുന്നു കുടുംബ വീട്ടിൽ താമസം. കുടുംബ വീട്ടിലെത്തുമ്പോഴാണ് ഭാര്യക്കു കുടുംബ ഓഹരിയായി കിട്ടിയ എന്ന് പറയുന്ന ഭൂമിയിൽ നിന്നും അഷറഫ് ആദായമെടുത്തിരുന്നത്. പതിവു പോലെ കഴിഞ്ഞ തിങ്കളാഴ്ച ആദായമെടുക്കാനായി പണിക്കാരനെയും കൂട്ടി പറമ്പിലെത്തിയ അഷറഫിനെ സമീപത്തു താമസിക്കുന്ന ഭാര്യാ സഹോദരൻ ഷാജഹാൻ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. അഷറഫ് നെടുമങ്ങാട് താലൂക്കു ആശുപത്രിയിൽ ചികിത്സ തേടുകയും നെടുമങ്ങാട് പൊലീസിനു പരാതി നൽകുകയും ചെയ്തിരുന്നു. പിറ്റേദിവസം കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.