സിനിമ കഥകളെ പോലും വെല്ലുന്ന ഒരു സംഭവമാണ് തായ്‌ലൻഡിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് യാത്രയ്ക്ക് പോകുന്നെന്ന് പറഞ്ഞിറങ്ങിയ മലേഷ്യൻ യുവാവ് തായ്‍ലന്‍ഡിലെ വെള്ളപ്പൊക്കത്തിൽപ്പെട്ട് പോയി. ഒടുവിൽ സമൂഹ മാധ്യമങ്ങൾ വഴി ഭാര്യ സഹായം തേടിയതിനെ തുട‍ർന്ന് നടത്തിയ പരിശോധനയില്‍ ഭർത്താവിനെ ഹോട്ടൽ മുറിയിൽ കണ്ടെത്തി. പക്ഷേ. ട്വിസ്റ്റ് അവിടെയായിരുന്നു. ബിസിനസ് ടൂറിന് പകരം അദ്ദേഹം കാമുകിയുമായി ഹോട്ടൽ മുറിയിൽ ദിവസങ്ങൾ ചെലവിടുകയായിരുന്നു. സംഭവം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി. ഭർത്താവ് തങ്ങിയ ഹോട്ടൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പോയിരുന്നു.

കാണാതായ ഭർത്താവിനെ തേടി ഭാര്യ

ഭർത്താവുമായി ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ ഭാര്യ ആശങ്കയിലായി. തുടർന്ന്, ഹാത് യായിൽ കുടുങ്ങിപ്പോയ അദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് അവർ സമൂഹ മാധ്യമങ്ങളിൽ സഹായം തേടി. ഹാത് യായ് നഗരം വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ ഒന്നായിരുന്നു. വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പോസ്റ്റ് ചെയ്തിരുന്ന @psmommyhannah എന്ന സമൂഹ മാധ്യമ അക്കൗണ്ട് ഉടമ ഭാര്യയുടെ സഹായ അഭ്യർത്ഥനയ്ക്ക് മറുപടി നൽകി. ഭർത്താവ് താമസിക്കുന്നതായി പറഞ്ഞ ഹോട്ടലിൽ അന്വേഷിക്കാൻ അവർ ഹാത് യായിലുള്ള ബന്ധുക്കളെ ചുമതലപ്പെടുത്തി. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. നാലുദിവസമായി കാമുകിയുടെ ഒപ്പമായിരുന്നു ഇയാൾ ചിലവഴിച്ചത്.