കൊച്ചി: ആഡംബര ഹോട്ടലിൽ ലഹരി പാർട്ടിയും ലഹരി വിതരണവും നടത്തിയ കേസിൽ പിടിയിലായ കെവിൻ വമ്പൻ സ്രാവാണെന്ന് പോലീസ്. കൊച്ചി നഗരത്തിന് പുറമേ റൂറല്‍ പ്രദേശങ്ങളിലും ലഹരി എത്തിക്കാന്‍ ഇയാള്‍ക്ക് ഏജന്റുമാരുണ്ടെന്ന് പോലീസ് പറഞ്ഞു.
നൈറ്റ് പാർട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ വർഷം മാത്രം കെവിൻ നടത്തിയത് 22 ലക്ഷം രൂപയുടെ ലഹരി ഡീലുകളാണ്. ഇയാൾ തായ്ലാൻഡ് അടക്കം സന്ദർശിച്ച് ലഹരി കടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ 29ന് കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ നടത്തിയ പോലീസ് പരിശോധനയിലാണ് ലഹരിയുമായി ഉന്നതരുടെ സംഘം വലയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കെവിനിൽ നിന്ന് 183. 55 എംഡിഎംഎ, 93.51 ഗ്രാം എക്സ്റ്റസെ പിൽസ് എന്നിവയും പിടിച്ചെടുത്തിരുന്നു.
വിശദമായ അന്വേഷണത്തിൽ കെവിനാണ് ലഹരിപാർട്ടിക്കായി രാസ ലഹരി ഒഴുക്കിയതെന്ന് വ്യക്തമായി. ഡോക്ടർ, ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ, അഡ്വക്കറ്റ് തുടങ്ങിയവർ ഇയാളുടെ ലഹരി പാർട്ടിയിൽ പങ്കെടുത്തെന്നും അവരെ പിടികൂടി ജാമ്യത്തിൽ വിട്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.



