ഉക്രൈൻ-റഷ്യ യുദ്ധം തുടരുന്നതിനിടെ ഉക്രൈന് നൽകി വന്നിരുന്ന ആയുധ സഹായം ഭാഗികമായി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശ രാജ്യങ്ങൾക്ക് അമേരിക്ക നൽകി വന്നിരുന്ന ആയുധ സഹായം പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി അറിയിച്ചു. അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകാനാണ്  തീരുമാനമെടുത്തതെന്ന്  അന്ന കെല്ലി കൂട്ടിച്ചേർത്തു. ഇതോടെ റഷ്യയുടെ ആക്രമണം കൂടുതൽ ശക്തമാകുമെന്ന് ഉക്രെയ്ൻ ഭയപ്പെടുന്നു.

റഷ്യയിൽ നിന്ന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സെലെൻസ്‌കി സഹായം തേടിയത്. കഴിഞ്ഞ ഞായറാഴ്ച നൂറുകണക്കിന് ഡ്രോണുകളും അറുപതിലധികം മിസൈലുകളുമാണ് റഷ്യ ഉക്രൈന് നേരെ പ്രയോഗിച്ചത്. ആക്രമണത്തിൽ ഒരു എഫ്-16 വിമാനം തകരുകയും പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു.

2022 ഫെബ്രുവരിയിൽ റഷ്യ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം യുഎസ് ഉക്രെയ്‌നിലേക്ക് പതിനായിരക്കണക്കിന് ഡോളർ സൈനിക സഹായം അയച്ചിട്ടുണ്ട്. അതേസമയം ആയുധ കയറ്റുമതി നിർത്തിയ  വാർത്തയെ ക്രെംലിൻ സ്വാഗതം ചെയ്തു, കൈവിലേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക് കുറയ്ക്കുന്നത് സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് ക്രെംലിൻ പറഞ്ഞു.  “ഉക്രെയ്നിലേക്ക് എത്തിക്കുന്ന ആയുധങ്ങളുടെ എണ്ണം കുറയുന്തോറും പ്രത്യേക സൈനിക നടപടിയുടെ അവസാനം അടുക്കും,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.