ന്യൂഡൽഹി: പശ്ചിമേഷ്യൻ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കേ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫോൺ സംഭാഷണം നടത്തിയതായി റിപ്പോർട്ട്. “എന്റെ സുഹൃത്ത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിളിച്ചു’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എക്സിൽ പങ്കുവച്ചത്.
40 മിനിറ്റോളം നീണ്ട സംഭാഷണത്തിൽ “ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നുവെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’ എന്ന് ട്രംപ് മോദിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ കുറിച്ചും ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തെക്കുറിച്ചും സംസാരിച്ചതായും ഇന്ത്യയുടെ നിലപാട് വിശദീകരിച്ചതായും മോദി വ്യക്തമാക്കി. മേഖലയിൽ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
ട്രംപും മോദിയും തമ്മിൽ നടക്കുന്ന ഈ വർഷത്തെ മൂന്നാമത്തെ ഫോൺ കോൾ സംഭാഷണമാണ് ഇത്.



