വയനാട് ദുരന്തനിവാരണ ഫണ്ട് വക മാറ്റി. ഫണ്ട് ഉപയോഗിച്ച് സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് ആറ് ലാപ്‌ടോപ്പുകളും ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനും വാങ്ങി. മുന്‍കരുതല്‍ ശേഷി വികസന ഫണ്ടില്‍ നിന്നാണ് വകമാറ്റല്‍. വകമാറ്റലിന്റെ രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു.

സെപ്റ്റംബര്‍ 24-നാണ് വയനാട് ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് സര്‍ക്കാര്‍ സെക്രട്ടറി കത്ത് നല്‍കിയത്. ദുരന്തമേഖലയില്‍ ചിലവഴിക്കേണ്ട തുകയ്ക്കാണ് സെക്രട്ടറിയേറ്റിലേക്ക് ലാപ്‌ടോപ്പുകള്‍ വാങ്ങിയത്. വക മാറ്റല്‍ തീരുമാനത്തിന്റെ രേഖകളാണ് പുറത്ത് വന്നത്.

വയനാട് പുനരധിവാസ ഫണ്ടില്‍ നിന്ന് മാറ്റിയിട്ടുള്ള മുന്‍കരുതല്‍ തുകയില്‍ നിന്നും ഒരു വലിയ തുക ചിലവഴിച്ചുവെന്ന വിവരമാണ് പുറത്ത് വരുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കീഴിലെ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തിലൊരു വലിയ തുക ചിലവഴിച്ചത്.

ദുരന്തമേഖലയിലെ ജനങ്ങള്‍ക്ക് ഭാവിയില്‍ ദുരന്തസാധ്യതയുണ്ടാകുമ്പോള്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കാനുള്ള മെഷീനുകള്‍ വാങ്ങാനും മറ്റുമാണ് ഉപയോഗിക്കുക. ദുരന്തമേഖലയിലെ പൊലീസ്, അഗ്നിരക്ഷാ സേനാംഗങ്ങള്‍ എന്നിവര്‍ക്കും ജനങ്ങള്‍ക്കും ദുരന്തങ്ങളെ നേരിടാനുള്ള പരിശീലനം നല്‍കാനും ഈ ഫണ്ട് ഉപയോഗിക്കാം. കൃത്യമായ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ഈ തുകയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തന്നെ നിര്‍ദ്ദേശിക്കുമ്പോഴാണ് ഇതെല്ലാം കാറ്റില്‍ പറത്തിയുള്ള നീക്കം.