കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങൾ തുടരുന്നതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഏതെങ്കിലും നേതാവിന് വേണ്ടി സോഷ്യൽമീഡിയ പ്രമോഷനോ പ്രകടനങ്ങളോ പരസ്യമായ പിന്തുണ പ്രഖ്യാപിക്കലോ നടത്തിയാൽ അത് അയോഗ്യതയായി കണക്കാക്കുമെന്ന് ദേശീയ നേതൃത്വം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് അണികൾ നടത്തുന്ന പ്രകടനങ്ങൾ നിയന്ത്രിക്കുന്നതിൽ കെപിസിസി നേതൃത്വം പരാജയപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. ഹൈക്കമാൻഡ് നിർദേശങ്ങൾ ലംഘിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം. ഇതേത്തുടർന്ന് പരസ്യപ്പോര് അവസാനിപ്പിക്കാൻ ഗ്രൂപ്പ് മാനേജർമാർ അണികൾക്ക് നിർദേശം നൽകി. ഇനിയും പ്രകടനങ്ങളും ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ചാൽ അത് തങ്ങളുടെ നേതാവിൻ്റെ മുഖ്യമന്ത്രി സാധ്യതയെ ബാധിക്കുമെന്ന ആശങ്കയിലാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ.

എഐസിസി നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് വി ഡി സതീശന് വേണ്ടി സോഷ്യൽ മീഡിയയിൽ പെയ്ഡ് പ്രമോഷൻ നടക്കുന്നുണ്ടെന്ന ആരോപണം ഉയർന്നു. ഒരു സ്വകാര്യ ചാനലിൻ്റെ യൂടൂബ് ചാനലിൽ മൂന്ന് നേതാക്കളുടെയും പേരുകൾ വെച്ച് വോട്ടിംഗ് നടത്തിയാണ് പ്രചാരണം നടക്കുന്നത്. പെയ്ഡ് ഏജൻസികളെ ഉപയോഗിച്ചാണ് ഇതിൽ കമൻ്റുകൾ രേഖപ്പെടുത്തുന്നതെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ ഹൈക്കമാൻഡ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻപ് ഡൽഹിയിൽ നടന്ന ചർച്ചയിൽ ഇത്തരം പ്രമോഷനുകൾ പാടില്ലെന്ന് കർശന നിർദേശം നൽകിയിരുന്നു.