ആഡംബര ക്രൂസ് കപ്പലായ എംവി ഹോൻഡിയസിലെ യാത്രക്കാരന് ഹാന്റാവൈറസ് സ്ഥിരീകരിച്ചതോടെ 17 യുഎസ് പൗരന്മാരെ പ്രത്യേക വിമാനത്തിൽ അമേരിക്കയിലേക്ക് എയർലിഫ്റ്റ് ചെയ്തു. രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പുറമെ മറ്റൊരു യാത്രക്കാരന് കൂടി ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇരുവരെയും വിമാനത്തിലെ പ്രത്യേക ബയോകൺടെയ്ൻമെന്റ് യൂണിറ്റുകളിലാണ് യാത്ര ചെയ്യിപ്പിച്ചത്. ഇവരെ നെബ്രാസ്ക സർവകലാശാല മെഡിക്കൽ സെന്റർ ഉൾപ്പെടെയുള്ള അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് അറിയിച്ചു.
മാരകമായ ആൻഡീസ് സ്ട്രെയിൻ ഹാന്റാവൈറസ് ബാധിച്ചാൽ 50 ശതമാനം വരെ മരണസാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകുന്നു. കപ്പലിലെ യാത്രക്കാരായ ആറ് പേർക്ക് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ഡച്ച് ദമ്പതികളും ഒരു ജർമ്മൻ പൗരനും ഉൾപ്പെടെ മൂന്ന് പേർ ഇതിനോടകം മരണപ്പെട്ടത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. നിലവിൽ ടെനറൈഫ് തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ വിവിധ രാജ്യങ്ങൾ വേഗത്തിലാക്കി.
സ്പെയിൻ, ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ പൗരന്മാരെ തിരികെ കൊണ്ടുപോകാനുള്ള പ്രത്യേക വിമാനങ്ങൾ അയച്ചിട്ടുണ്ട്. എല്ലാ യാത്രക്കാരും 42 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. ഈ വൈറസ് കോവിഡിനെപ്പോലെ വേഗത്തിൽ പടരുന്നതല്ലെന്നും അതിനാൽ പൊതുജനങ്ങൾക്ക് വലിയ ഭീഷണിയില്ലെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നുണ്ടെങ്കിലും കപ്പലിലെ സാഹചര്യം അതീവ ഗൗരവകരമായി തന്നെയാണ് അധികൃതർ കാണുന്നത്.



