പശ്ചിമേഷ്യൻ യുദ്ധം 28-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് മേഖല അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കൻ സൈനിക താവളങ്ങൾക്ക് സമീപം താമസിക്കുന്ന സാധാരണക്കാരോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കർശന മുന്നറിയിപ്പ് നൽകി.
അമേരിക്കൻ സൈനികരെ എവിടെ കണ്ടാലും ആക്രമിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും സാധാരണക്കാർക്ക് അപകടം സംഭവിക്കാതിരിക്കാനാണ് ഈ അന്ത്യശാസനമെന്നും ഐആർജിസി പബ്ലിക് റിലേഷൻസ് ഓഫീസ് വ്യക്തമാക്കി. തസ്നീം വാർത്താ ഏജൻസിയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. വെള്ളിയാഴ്ച, 2026 മാർച്ച് 27-ന് പുറത്തുവന്ന ഈ മുന്നറിയിപ്പ് ഗൾഫിലെ പ്രവാസികൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ഫെബ്രുവരി 28-ന് ഇറാന്റെ തെക്കൻ നഗരമായ മിനാബിലെ ‘ഷജറ തയ്യബ’ പെൺപള്ളിക്കൂടത്തിന് നേരെ അമേരിക്കൻ-ഇസ്റാഈൽ സേനകൾ നടത്തിയ ആക്രമണത്തിൽ 170-ലധികം കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് കടുത്ത ദു:ഖം രേഖപ്പെടുത്തി. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ ക്രൂരതയെ അപലപിച്ചത്. ആക്രമണത്തെക്കുറിച്ച് നിക്ഷ്പക്ഷവും സുതാര്യവുമായ അന്വേഷണം അടിയന്തരമായി പൂർത്തിയാക്കണമെന്നും ഇതിന് പിന്നിലുള്ളവർക്ക് നീതിപീഠത്തിന് മുൻപിൽ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് നീതി ലഭ്യമാക്കണമെന്നും വോൾക്കർ ടർക്ക് കൂട്ടിച്ചേർത്തു.



