ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനികനീക്കം ഉണ്ടായാൽ കൈകെട്ടി നോക്കിനിൽക്കില്ലെന്ന് ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ ഭീഷണി. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനയിയെ ലക്ഷ്യംവയ്ക്കുന്നത് ലോകത്തിന്റെ സമാധാനം തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇസ്രായേലും നടത്തുന്ന ഭീഷണികൾക്കെതിരെ ആയുധമുപയോഗിച്ചു തന്നെ മറുപടി നൽകാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും ഹിസ്ബുള്ള വ്യക്തമാക്കി.
അതേസമയം, ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്ന ലക്ഷ്യത്തോടെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കു നേരെ ഇസ്രായേൽ സൈന്യം ശക്തമായ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. ഹിസ്ബുള്ളയുടെ ആയുധപ്പുരകളും താവളങ്ങളും തകർത്ത സൈന്യം, അവരുടെ പീരങ്കിപ്പടയുടെ തലവൻ മുഹമ്മദ് അൽ ഹുസൈനിയെ വധിച്ചതായും സ്ഥിരീകരിച്ചു. തെക്കൻ ലബനനിൽ നടത്തിയ വ്യോമാക്രമണത്തിലാണ് പ്രധാനപ്പെട്ട കമാൻഡർമാരെ ഇസ്രായേൽ വധിച്ചത്.
ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കം യുദ്ധത്തിലേക്കു നീങ്ങിയാൽ അത് മേഖലയെ മുഴുവൻ ബാധിക്കുമെന്ന് രാഷ്ട്രീയനിരീക്ഷകർ കരുതുന്നു. അതേസമയം, പശ്ചിമേഷ്യയിൽ വീണ്ടുമൊരു വൻ യുദ്ധത്തിനുള്ള സാധ്യത തെളിയുന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. നിലവിൽ ലെബനൻ അതിർത്തിയിൽ ഇരുവിഭാഗവും അതീവജാഗ്രതയിലാണ്.



