മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിർണ്ണായകമായ ഹൈക്കോടതി നിരീക്ഷണത്തിന്റെ വെളിച്ചത്തിൽ മുനമ്പം നിവാസികളുടെ കൈവശവകാശമുള്ള ഭൂമിയിന്മേൽ സർക്കാർ അടിയന്തിരമായി റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു നല്കണമെന്ന് സീറോമലബാർ സഭ വക്താവ് ഫാ ടോം ഓലിക്കരോട്ട്. മുനമ്പത്തെ ഭൂമിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് സർക്കാരിന് കമ്മിഷൻ വെക്കാനും ഭൂമി പരിശോധിക്കാനുമുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കികൊണ്ടുള്ള ഉത്തരവിനൊപ്പം ബഹു. ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം സ്വാഗതാർഹമാണ്. മുനമ്പം വിഷയത്തിൽ നീതി ഉറപ്പാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി മാത്രമേ ഈ കോടതി വിധിയെയും നിരീക്ഷണത്തെയും കാണാനാവൂ.
വിലകൊടുത്തു വാങ്ങിയ ഭൂമിയും, അതിന്മേലുള്ള ക്രയവിക്രയ അവകാശവും നിലനിർത്താനുള്ള മുനമ്പം ജനതയുടെ പോരാട്ടത്തിനൊപ്പം സീറോമലബാർ സഭ എന്നുമുണ്ടാകുമെന്നും ഫാ. ടോം ഓലിക്കരോട്ട് കൂട്ടിച്ചേർത്തു. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നും, വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേപറ്റൂ എന്നുമുള്ള ഹൈക്കോടതി സിംഗിൾബെഞ്ച് നിലപാട് ചോദ്യം ചെയ്തുകൊണ്ട് അപ്പീൽ സമർപ്പിച്ച കേരളസർക്കാരിന്റെ നിലപാട് അഭിനന്ദനം അർഹിക്കുന്നതാണ്. എന്നാൽ, മുനമ്പം ജനതയ്ക്കു നീതി ഉറപ്പാക്കണമെങ്കിൽ അവരുടെ കൈവശാവകാശ ഭൂമിൽമേലുള്ള റെവെന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ട്. ബഹു. കേരള സർക്കാർ ഈ വിഷയത്തിൽ സത്വരമായ നടപടികൾ സ്വീകരിക്കണമെന്നും സീറോമലബാർ സഭാവക്താവ് ആവശ്യപ്പെട്ടു.