പാലക്കാട്: തൃത്താല യുഡിഎഫ് സ്ഥാനാർത്ഥി വിടി ബൽറാമിനെ വീണ്ടും വികസന സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ എംബി രാജേഷ്. സംവാദത്തിന് ക്ഷണിച്ചിച്ച് 24 മണിക്കൂറായിട്ടും മുൻ എംഎൽഎ കൂടിയായ വിടി ബൽറാമിന് മറുപടിയില്ലെന്നും ബഹുമാന്യനായ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മറുപടിക്കായി താൻ കാത്തിരിക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെ മാർച്ച് 22നാണ് കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളുടെ പ്രോഗ്രസ് കാർഡും അതിനു മുമ്പുള്ള പത്തു വർഷത്തെ യു.ഡി.എഫ് ജനപ്രതിനിധിയുടെ പ്രോഗ്രസ്സ് കാർഡും മുൻനിർത്തി വിടി ബൽറാമിനെ എംബി രാജേഷ് സംവാദത്തിന് ക്ഷണിച്ചത്.

മണ്ഡലത്തിന്റെ വികസന കാര്യത്തില്‍ മുന്‍ എം എല്‍ എ വി ടി ബല്‍റാമിനെ പരസ്യമായി വെല്ലുവിളിക്കുന്നു. തൃത്താലയില്‍ നിന്ന് പോയ മൂന്ന് മുന്‍ മന്ത്രിമാരും അഞ്ച് വര്‍ഷം മുന്‍പത്തെ എം എല്‍ എയും വികസന കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും തന്റെ കാലയളവില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും എംബി രാജേഷ് പറഞ്ഞിരുന്നു. എന്നാൽ 24 മണിക്കൂർ കഴിഞ്ഞിട്ടും ബൽറാം പ്രതികരിക്കാഞ്ഞതോടെയാണ് എംബി രാജേഷ് വീണ്ടും വെല്ലുവിളിച്ച് രംഗത്തെത്തിയത്. രണ്ട് പ്രോഗ്രസ് റിപ്പോർട്ടുകൾ മുൻ നിർത്തി പരസ്യമായ സംവാദത്തിനാണ് ക്ഷണിക്കുന്നത്. ഇതൊരു വെല്ലുവിളിയായി ബൽറാം സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും എത്രയും പെട്ടന്ന് മറുപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എംബി രാജേഷ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.